പാലക്കാട് ; പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി ; യുവാവും പെണ്‍കുട്ടിയും മരിച്ചു
കൊല്ലങ്കോട് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് തീകൊളുത്തിയ സംഭവത്തില്‍ രണ്ടുപേരും മരിച്ചു. ബാലസുബ്രഹ്മണ്യവും (23) പാലക്കാട് കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശി ധന്യ (17) എന്ന പെണ്‍കുട്ടിയുമാണ് മരിച്ചത്. സംഭവത്തില്‍ നാടൊന്നാകെ വിറങ്ങലിച്ച് നില്‍ക്കുകയാണ്. പെണ്‍കുട്ടി സ്വന്തം തീരുമാനപ്രകാരമാണ് യുവാവിന്റെ വീട്ടിലേക്കെത്തിയതെന്ന വിവരമാണ് പൊലീസിന് ലഭിക്കുന്നത്. ഇത് കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്നുള്ള കാര്യം പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷമേ പറയാനാകൂ എന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പൊള്ളലേറ്റ ഇരുവരും മരിച്ച സാഹചര്യത്തില്‍ ഇവരുടെ അവസാന ഫോള്‍ കോളുകളുടെ ഡീറ്റയില്‍സ് ഉള്‍പ്പടെ ശേഖരിച്ച് കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാവൂ.
എറണാകുളത്തെ സ്വകാര്യാശുപത്രിയിലായിരുന്നു ഇരുവരും. രണ്ടു പേര്‍ക്കും അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. സുബ്രഹ്മണ്യത്തിന്റെ പിറന്നാളായിരുന്നു ഇന്ന്. പിറന്നാള്‍ ആശംസകള്‍ നേരാനാണ് പെണ്‍കുട്ടി സുബ്രഹ്മണ്യത്തിന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. ഈ സമയം സുബ്രഹ്മണ്യത്തിന്റെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. സുബ്രഹ്മണ്യത്തിന്റെ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് സമീപവാസികളാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുന്നത്. സമീപവാസികളാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുന്നത്. മുറിയിലെ ഇലക്ട്രോണിക് സാധനങ്ങളും വസ്ത്രങ്ങളുമെല്ലാം കത്തി നശിച്ചിട്ടുണ്ട്. ഏറെ നാളായി ഇവര്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞ് കല്യാണം നടത്താമെന്ന് സമ്മതിച്ചതാണെന്ന് സുബ്രഹ്മണ്യത്തിന്റെ അമ്മ പറയുന്നു. പിന്നെയെന്തിനാണ് ഇവരിത് ചെയ്തതെന്ന് അറിയില്ലെന്ന് അമ്മ വ്യക്തമാക്കുന്നു. ട്യൂഷനു പോകുന്നെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. പെട്രോളൊഴിച്ചാകാം ഇവര്‍ തീ കൊളുത്തിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് തീയണച്ച് ഇരുവരെയും കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിയിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്കും എത്തിച്ചത്. ഉച്ചയ്ക്ക് രണ്ടേ കാലോടെ ഇരുവരുടെയും മരണം സ്ഥിരീകരിച്ചു. എംബിഎ പൂര്‍ത്തിയാക്കി സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന സുബ്രഹ്മണ്യന്റെ വീടിനടുത്തായിരുന്നു കുറച്ചുകാലം മുമ്പ് വരെ പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ ഇഷ്ടത്തിലായതിനെ ചൊല്ലി തര്‍ക്കം ഉണ്ടായതോടെ പെണ്‍കുട്ടിയും കുടുംബവും കാവടിയിലേക്ക് മാറിയിരുന്നു. പ്ലസ്ടു വിദ്യാത്ഥിനിയായ പെണ്‍കുട്ടി ഇന്ന് രാവിലെ വീട്ടില്‍ നിന്ന് ട്യൂഷന് പോകുകയാണെന്ന പേരിലാണ് സുബ്രഹമണ്യത്തിന്റെ വീട്ടിലേക്ക് എത്തിയത്.