സൗജന്യമായി തന്നാല്‍ പ്രേം നസീറിന്റെ വീടും പറമ്പും സര്‍ക്കാര്‍ സംരക്ഷിക്കാമെന്നു മന്ത്രി സജി ചെറിയാന്‍ ; വില്‍ക്കുന്നില്ല എന്ന് ഇളയ സഹോദരി

മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ ചിറന്‍കീഴിലെ വീടും സ്ഥലവും സൗജന്യമായി തന്നാല്‍ സര്‍ക്കാര്‍ സംരക്ഷിക്കാമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. വിലയ്‌ക്കെടുക്കുന്നത് സര്‍ക്കാര്‍ കൂട്ടായി തീരുമാനിക്കേണ്ട കാര്യമാണെന്നും മന്ത്രി പ്രതികരിച്ചു. തിരുവനന്തപുരം ജില്ലയില്‍ ദേശീയപാതയില്‍ കോരാണിയില്‍ നിന്നു ചിറയിന്‍കീഴിലേക്കുള്ള പാതയോരത്ത് 50 സെന്റ് സ്ഥലത്താണ് പ്രേം നസീറിന്റെ ‘ലൈല കോട്ടേജ്’ എന്ന വീട് സ്ഥിതി ചെയ്യുന്നത്. ഇരുനിലയിലായി 8 മുറികളാണ് വീടിലുള്ളത്. ചിറയന്‍കീഴിലെ ആദ്യ ഇരുനില വീടാണിത്. പ്രേംനസീറും ഭാര്യ ഹബീബ ബീവിയും മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവരുമാണ് ഇവിടെ താമസിച്ചിരുന്നത്.

പ്രേംനസീറിന്റെ ഇളയ മകള്‍ റീത്തയുടെ മകള്‍ രേഷ്മയുടെ ഉടമസ്ഥതയിലാണ് ‘ലൈല കോട്ടേജ്’ എന്ന വീട് നിലവിലുള്ളത്. 1956 ലാണ് പ്രേം നസീര്‍ ഈ വീട് പണിതത്. വിദേശത്തുള്ള കുടുംബത്തിന് വീട് നോക്കുന്നത് ബുദ്ധിമുട്ടായതോടയാണ് വില്‍ക്കാന്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ തെറ്റെന്ന് താരത്തിന്റെ ഇളയ സഹോദരി വ്യക്തമാക്കി. വീട് വില്‍ക്കുന്നു എന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്ന് പ്രേംനസീറിന്റെ ഇളയ സഹോദരി അനീസ ബീവി പ്രതികരിച്ചു. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത ആര് നല്‍കിയതാണെന്ന് തനിക്കോ കുടുംബത്തിലുള്ളവര്‍ക്കോ അറിയില്ല. വീട് കാട് കയറിയ നിലയില്‍ ആണെന്ന് വാര്‍ത്തയില്‍ പറയുന്നതും അസത്യമാണ്. പ്രേംനസീറിന് ഇളയമകള്‍ റീത്തയുടെതാണ് വീട്. റീത്തയോട് ഫോണില്‍ താന്‍ വിവരം തിരക്കിയപ്പോള്‍ അവര്‍ ആരും തന്നെ ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയതായി അറിഞ്ഞില്ല എന്നാണ് പറഞ്ഞത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് റീത്തയുടെ മകള്‍ക്ക് വിദേശത്ത് വീട് വയ്ക്കുന്ന സമയത്ത് ചിറയിന്‍കീഴിലെ വീടുവില്‍ക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ 50 സെന്റ് വീടിന് 6 കോടി രൂപയാണ് വിലയിട്ടത്. ആ തുകയ്ക്ക് വില്പന നടക്കാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു. നിലവില്‍ വീട് വില്‍ക്കുന്നത് സംബന്ധിച്ച് ആലോചിച്ചിട്ടില്ല. സര്‍ക്കാരിന് ആവശ്യമെങ്കില്‍ ഈ തുക നല്‍കി വീട് വാങ്ങട്ടെ എന്നും അനീസ ബീവി പറഞ്ഞു. പ്രേംനസീര്‍ ജീവിച്ചിരുന്നപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും കൈയ്യഴിഞ്ഞു സഹായിച്ചിട്ടുണ്ട്. എന്നാല്‍ പ്രേംനസീറിന് ജന്മ നാട്ടില്‍ ഒരു സ്മാരകം ഒരുക്കാന്‍ ഇനിയും ഒരു സര്‍ക്കാരിനും സാധിച്ചിട്ടില്ല എന്നും പ്രേംനസീറിന്റെ സഹോദരി അനീസ ബീവി പരാതിപ്പെട്ടു.