എസ്.ഐ അശ്ലീലം പറഞ്ഞു ; ശുചിമുറിയില്‍ പോകാന്‍ അനുവദിച്ചില്ല ; പോലീസ് സ്റ്റേഷനില്‍ നേരിട്ട പീഡനം തുറന്നുപറഞ്ഞു രേഷ്മ
ഹരിദാസന്‍ വധക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പോലീസ് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നും മോശം ഭാഷയില്‍ അധിക്ഷേപിച്ചു എന്നും പരാതിയില്‍ പറയുന്നു. പുന്നോല്‍ ഹരിദാസന്‍ വധ കേസിലെ പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് അറസ്റ്റിലായ രേഷ്മയ്ക്ക് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. ന്യൂമാഹി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ തനിക്കെതിരെ മനുഷ്യാവകാശലംഘനം നടന്നതായാണ് രേഷ്മയുടെ ആക്ഷേപം. ഇരുപത്തിരണ്ടാം തീയതി പുലര്‍ച്ചെ 4.30 ന്ന് വനിതാ ഉദ്യോഗസ്ഥര്‍ ഇല്ലാതെയാണ് പൊലീസ് സംഘം വീട്ടിലെത്തി തന്റെയും മകളുടേയും ഫോണുകള്‍ കൈക്കലാക്കിയത്. ഒമ്പത് മണി മുതല്‍ രാത്രി വരെ പോലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ചു. ശൗചാലയം ഉപയോഗിക്കാന്‍ അനുവദിച്ചില്ല. കൂത്തുപറമ്പ് സി ഐ മോശം ഭാഷയില്‍ അധിക്ഷേപിച്ചു. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും രേഷ്മയുടെ പരാതിയില്‍ പറയുന്നു.
സിപിഎം നേതാക്കളായ എം വി ജയരാജനും കാരായി രാജനും അടക്കമുള്ളവര്‍ സൈബര്‍ ആക്രമണം നടത്തുന്നുവെന്നും പരാതിയിലുണ്ട്. പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം അനുവദിക്കാവുന്ന വകുപ്പുകള്‍ ആയിട്ട് പോലും അര്‍ദ്ധരാത്രി മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. കേസില്‍ നിരപരാധിയാണ് എന്ന് വ്യക്തമാക്കുന്ന രേഷ്മ താനും ഭര്‍ത്താവും സിപിഎം അനുഭാവികള്‍ ആണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വാര്‍ത്താ സമ്മേളനത്തില്‍ എം വി ജയരാജന്‍ തനിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും തന്റെയും കുടുംബത്തിന്റെയും ഫോട്ടോകള്‍ പരസ്യപ്പെടുത്തുകയും ചെയ്തു. ഫോട്ടോകള്‍ ചോര്‍ത്തി നല്‍കിയത് പോലീസ് ആണെന്ന് സംശയിക്കുന്നതായും രേഷ്മ വ്യക്തമാക്കുന്നു.
അതേസമയം രേഷ്മയുടെ വീടിന് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അണ്ടല്ലൂരിലെ വീട്ടിലും പരിസരത്തുമായി പത്തോളം ഉദ്യോഗസ്ഥരെയാണ് ചുമതല പ്പെടുത്തിയിട്ടുള്ളത്. രേഷ്മയെ അപായപ്പെടുത്താനുള്ള സാധ്യത കൂടി മുന്നില്‍ കണ്ടാണ് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയത്. ഇതിനിടെ രേഷ്മയെ തലശേരി അമൃത വിദ്യാലയം സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ അവര്‍ ജോലി രാജി വെച്ചു. ഏറെ നാളായി ഇവിടെ അദ്ധ്യാപികയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു രേഷ്മ. സ്‌കൂളിന്റെ പേരിനെ ബാധിക്കാതിരിക്കാനുള്ള സ്വാഭാവിക നടപടിയാണിതെന്നും കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയത്. അതിന് പിന്നാലെയാണ് തലശേരി അമൃത വിദ്യാലയത്തിലെ ജോലി രാജിവെച്ചെന്ന് രേഷ്മ അറിയിച്ചത്.