നടിയെ ആക്രമിച്ച കേസ് : ചോര്‍ന്നത് രഹസ്യരേഖകള്‍ അല്ലെന്ന് കോടതി ; പൊലീസിന് വിമര്‍ശനം

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് രഹസ്യരേഖകള്‍ കോടതിയില്‍ നിന്നും ചോര്‍ത്തി എന്ന പ്രോസിക്യയൂഷന്‍ വാദത്തിനു തിരിച്ചടി. രേഖകള്‍ ഒന്നും ചോര്‍ന്നിട്ടില്ല എന്ന് വിചാരണ കോടതി വ്യക്തമാക്കി. എന്ത് രഹസ്യ രേഖയാണ് കോടതിയില്‍ നിന്ന് ചോര്‍ന്നതെന്ന് ചോദിച്ച കോടതി, അന്വേഷണ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന് മറുപടിയില്ലെന്നും അഭിപ്രായപ്പെട്ടു. അതുപോലെ കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് അനുമതി ആവശ്യമില്ലെന്നും കോടതി പറഞ്ഞു. ദിലീപിന്റെ ഫോണില്‍ കണ്ടെത്തിയത് കോടതിയിലെ എ ഡയറിയാണ്. അത് രഹസ്യ രേഖയല്ല.അതാണ് ചോര്‍ന്നതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന രേഖ.

ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ രേഖ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ദിലീപിന്റെ ഫോണില്‍ കോടതി രേഖ വന്നതെങ്ങനെയെന്ന് പ്രോസിക്യൂട്ടര്‍ ചോദിച്ചു. ആ രഹസ്യരേഖ കോടതിയുടെ എ ഡയറിയിലെ വിശദാംശങ്ങളെന്ന് കോടതി മറുപടി നല്‍കി. അത് ബഞ്ച് ക്ലര്‍ക്കാണ് തയാറാക്കുന്നതെന്നും കോടതി വ്യക്തമാക്കി. കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ പൊലീസിന് എന്താണ് അധികാരം എന്ന് ജഡ്ജി ചോദിച്ചു. കോടതിയില്‍ ഉള്ളവരുടെ കാര്യം തനിക്ക് നോക്കാന്‍ അറിയാം. രഹസ്യ രേഖ ചേര്‍ന്നിട്ടുണ്ടെങ്കില്‍ അതിനായി വ്യക്തമായ തെളിവുകള്‍ ഹാജരാക്കണം. ഇപ്പോള്‍ നല്‍കിയ തെളിവുകളൊന്നും തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു.

മാധ്യമങ്ങളും യാഥാര്‍ത്ഥ്യങ്ങള്‍ റിപോര്‍ട്ട് ചെയ്യണം. കോടതി ഉത്തരവിന്റെ രണ്ട് പേജ് ദിലീപിന്റെ ഫോണില്‍ കണ്ടു വെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നതെന്ന് കോടതി പറഞ്ഞു. ദിലീപ് പലരെയും സ്വാധീനിച്ചിട്ടുണ്ട്. കോടതി ജീവനക്കാരെയും സ്വാധീനിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. എ ഡയറി സര്‍ട്ടിഫൈഡ് കോപ്പി ആയി ദിലീപിന്റെ അഭിഭാഷകര്‍ നേരത്തെ വാങ്ങിയിട്ടുള്ളതാണ്. അതാണ് പുറത്തുവന്നത്. അത് ഒരു രഹസ്യ രേഖയല്ല എന്നും വിചാരണ കോടതി വ്യക്തമാക്കി. ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന കേസ് പരിഗണിക്കുന്നത് മെയ് ഒന്‍പതിലേക്ക് മാറ്റി. ഉദ്യോഗസ്ഥനെതിരെയുള്ള കോടതി അലക്ഷ്യ ഹര്‍ജി മെയ് 9ന് പരിഗണിക്കും. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയും മെയ് 9ന് പരിഗണിക്കും.