കോഴിക്കോട് യുവതി ആത്മഹത്യ ചെയ്യാന്‍ കാരണമായത് ഓണ്‍ലൈന്‍ റമ്മി കളി
കോഴിക്കോട് കൊയിലാണ്ടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ഓണ്‍ലൈന്‍ റമ്മി കളി എന്ന് ക്രൈംബ്രാഞ്ച്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12നാണ് കൊയിലാണ്ടിയിലെ മലയില്‍ ബിജിഷയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നിലുള്ള കാരണം ഏറെ വൈകിയാണ് ബന്ധുക്കള്‍ പോലും അരിഞ്ഞത്. പോലീസിന്റെ വിശദമായ അന്വേഷണത്തില്‍ യുവതി ഒരു കോടിയോളം രൂപയുടെ ബാങ്ക് ഇടപാട് നടത്തിയതായി കണ്ടെത്തിയത് ഏവരെയും ഞെട്ടിച്ചിരുന്നു. ഓണ്‍ലൈന്‍ റമ്മി കളി കാരണം ഇവര്‍ക്ക് നഷ്ടപ്പെട്ടത് ഇരുപത് ലക്ഷത്തോളം രൂപയാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ആദ്യഘട്ടത്തില്‍ കളിച്ചപ്പോള്‍ പണം കിട്ടുകയും പിന്നീട് പണത്തിന്റെ വരവ് കുറയുകയും ചെയ്തു. ഈ സമയത്ത് ബിജിഷ കൂട്ടുകാരില്‍ നിന്ന് കടം വാങ്ങിയും ഓണ്‍ലൈന്‍ ലോണെടുത്തും ഗെയിം തുടര്‍ന്നു. ഓണ്‍ലൈനായി എടുത്ത ലോണ്‍ തിരിച്ചടക്കാതെയായപ്പോള്‍ വായ്പ നല്‍കിയ ഏജന്‍സി ബിജിഷക്കെതിരെ രംഗത്തെത്തി. ബിജിഷക്കൊപ്പം ഒരു സുഹൃത്തും ഓണ്‍ലൈന്‍ റമ്മി കളിക്കാനുണ്ടായിരുന്നെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഈ സുഹൃത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ബിജിഷ റമ്മി കളിക്ക് ഉപയോഗിച്ച ലിങ്കും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പല സുഹൃത്തുക്കള്‍ക്കും പണം തിരികെ നല്‍കിയതായും തിരികെ നല്‍കാനുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
മരണം നടന്നപ്പോള്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ബിജിഷ ആത്മഹത്യ ചെയ്യാനുള്ള കാര്യമായ പ്രശ്‌നങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആത്മഹത്യ ചെയ്യാന്‍ മാത്രം പ്രശ്നങ്ങളില്ലാതിരുന്നിട്ടും ബിജിഷ ജീവനൊടുക്കിയത് എല്ലാവരെയും നടുക്കിയിരുന്നു. ബിജിഷയുടെ മരണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴാണ് രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ഒരു കോടിയോളം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. യുപിഐ വഴിയാണ് പണമിടപാടുകളെല്ലാം നടത്തിയത്.
ഇത്രയും രൂപയുടെ ഇടപാട് നടത്തിയത് എന്തിനാന്നോ ആര്‍ക്ക് വേണ്ടിയാണെന്നോ വീട്ടിലുള്ളവര്‍ക്കോ സുഹൃത്തുകള്‍ക്കോ ഒന്നുമറിയില്ല എന്നതാണ് അന്ന് പൊലീസ് പറഞ്ഞത്. ബിജിഷയുടെ വിവാഹത്തിന് വേണ്ടി കരുതി വെച്ചിരുന്ന 35 പവന്‍ സ്വര്‍ണവും വീട്ടുകാര്‍ അറിയാതെ ബാങ്കില്‍ പണയം വെച്ച് വായ്പയെടുത്തിരുന്നു. ഇതെല്ലാം ഓണ്‍ലൈന്‍ ഗെയിം കളിയിലൂടെ നഷ്ടമായി. ഇതൊക്കെയാകാം ആത്മഹത്യക്ക് കാരണമായത് എന്നാണ് പോലീസ് ഭാഷ്യം.