ഭരണസംവിധാനം പഠിക്കാന്‍ കേരളാ ചീഫ് സെക്രട്ടറി ഗുജറാത്തിലേക്ക് ; പരിഹസിച്ചു സോഷ്യല്‍ മീഡിയ

ഗുജറാത്തിന്റെ ഭരണസംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ കേരളാ ചീഫ് സെക്രട്ടറി ഗുജറാത്തിലേക്ക്. ഗുജറാത്തില്‍ ഇ-ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സിസ്റ്റം പഠിക്കാന്‍ ചീഫ് സെക്രട്ടറി വി പി ജോയ് ആണ് ഗുജറാത്ത് സന്ദര്‍ശിക്കുന്നത്. ഇന്നു മുതല്‍ 29 വരെയാണ് സന്ദര്‍ശനം. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസര്‍ ഉമേഷ് ഐഎഎസും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ് സന്ദര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ നേതാക്കളും നിരന്തരം വിമര്‍ശിച്ചുവരുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനത്തേക്കാണ് ചീഫ് സെക്രട്ടറിയുടെ സന്ദര്‍ശനമെന്നതാണ് ശ്രദ്ധേയം.

ഗുജറാത്ത് ഭുപേന്ദ്രഭായി പട്ടേല്‍ സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പ് സംബന്ധിച്ചും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രകടനവും ഡാഷ് ബോര്‍ഡ് സിസ്റ്റം നടപ്പാക്കിയതിലൂടെ നേടിയ പുരോഗതിയും മനസ്സിലാക്കാനാണ് സന്ദര്‍ശനം. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ജില്ലാതല നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി 2019ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി ആരംഭിച്ചതാണ് ഈ പദ്ധതി. ശക്തമായ ഡാറ്റാബേസ് സൃഷ്ടിക്കുകയും, സി എം ഡാഷ്ബോര്‍ഡ് വഴി സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ തത്സമയ നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതി.സാധാരണക്കാരുടെ പരാതികള്‍ തീര്‍പ്പാക്കാനാണ് ഈ സംവിധാനം രൂപീകരിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുക ലക്ഷ്യാക്കിയാണ് പദ്ധതി നടപ്പാക്കിയത്. അതേസമയം വന്‍ പരിഹാസമാണ് വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.