ബലാത്സംഗ പരാതിയില്‍ ‘ഇര’ താനെന്ന് വിജയ് ബാബു ; അന്വേഷണം കടുപ്പിച്ചു പോലീസ്
തനിക്ക് എതിരെ ഉയര്‍ന്ന പീഡന ആരോപണത്തില്‍ താനാണ് ഇര എന്ന് നിര്‍മ്മാതാവും നടനുമായ വിജയ് ബാബു. ഇന്നലെ പീഡന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിനു പിന്നാലെ കാര്യം വിശദീകരിച്ചു വിജയ് ബാബു ലൈവില്‍ വന്നിരുന്നു. ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയുടെ പേര് വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. പുള്ളിയുടെ തന്നെ സിനിമയില്‍ നായികാ കഥാപാത്രമായി വന്ന പെണ്‍കുട്ടിയാണ് ആരോപണം ഉന്നയിച്ചത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി.
ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇപ്പോള്‍ പരാതിക്കാരിക്കെതിരെ എഫ്ബി ലൈവിലൂടെ തുറന്നടിച്ചിരിക്കുകയാണ് വിജയ് ബാബു. പരാതിക്കാരിയുടെ പേര് ഉള്‍പ്പെടെ വെളിപ്പെടുത്തിയ വിജയ് ബാബു ഇതിനെതിരെ നിയമനടപടി ഉണ്ടായാല്‍ നേരിടാന്‍ തയാറാണെന്നും വ്യക്തമാക്കി. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതിയെന്നും ഇതില്‍ ഇര ശരിക്കും താനാണെന്നും വിജയ് ബാബു പറഞ്ഞു. തന്റെ കുടുംബവും സ്‌നേഹിക്കുന്നവരും ദുഖം അനുഭവിക്കുമ്പോള്‍ എതിര്‍ കക്ഷി സുഖമായിരിക്കുകയാണെന്നും വിജയ് ബാബു പറഞ്ഞു.
2018 മുതല്‍ ഈ കുട്ടിയെ അറിയാം. അഞ്ച് വര്‍ഷത്തെ പരിചയത്തില്‍ ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല. തന്റെ സിനിമയില്‍ കൃത്യമായി ഓഡിഷന്‍ ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്. മാര്‍ച്ച് മുതല്‍ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്‌ക്രീന്‍ ഷോട്ടുകളും തന്റെ കൈവശമുണ്ട്. ഒന്നര വര്‍ഷത്തോളം ആ കുട്ടിക്ക് ഒരു മെസേജും അയച്ചിട്ടില്ല. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു. ഈ കേസില്‍ മറ്റൊരു ഇരയെ ഉണ്ടാക്കി സുഖിച്ച് ജീവിക്കേണ്ടെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് നല്‍കുമെന്നും വിജയ് ബാബു ലൈവില്‍ പറഞ്ഞു.
അതേസമയം വിജയ് ബാബു ഒളിവിലെന്ന് എറണാകുളം ഡിസിപി വി യു കുര്യക്കോസ് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് ഇന്ന് തന്നെ വിജയ് ബാബുവിനെതിരെ കേസ് എടുക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി അറിയിച്ചു. അതിനിടെ വിജയ് ബാബുവിനെതിരെ കൂടുതല്‍ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിക്കുന്നത്. നടന്നത് അതിക്രൂര ബലാല്‍സംഗമാണെന്നും മദ്യം നല്‍കി അവശയാക്കി പലതവണപീഡിപ്പിച്ചുവെന്നും പരാതിക്കാരി പറയുന്നു. നഗ്‌നവീഡിയോ റെക്കോര്‍ഡ്‌ചെയ്തു. ഇത് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി വെളിപ്പെടുത്തി. വിമെന്‍ എഗയ്ന്‍സ്റ്റ് സക്ഷ്വല്‍ ഹരാസ്‌മെന്റ് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് നടിയുടെ തുറന്ന് പറച്ചില്‍.