ഗുജറാത്ത് മോഡലിനെ പുകഴ്ത്തി ചീഫ് സെക്രട്ടറി ; സന്ദര്‍ശനം പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് കത്ത്
ഗുജറാത്ത് മോഡലിനെ പുകഴ്ത്തി ചീഫ് സെക്രട്ടറി. ഡാഷ് ബോര്‍ഡ് വാനോളം സംവിധാനത്തെ പുകഴ്ത്തുകയാണ് കേരള ചീഫ് സെക്രട്ടറി വി പി ജോയ് . ഡാഷ് ബോര്‍ഡ് മികച്ചതും സമഗ്രവുമാണെന്ന് വി പി ജോയ് പറഞ്ഞു. വികസന പുരോഗതി വിലയിരുത്താന്‍ ഏറെ കാര്യക്ഷമമായ സംവിധാനമാണിത്. സേവന വിതരണം നിരീക്ഷിക്കുന്നതിനും പൗരന്മാരുടെ പ്രതികരണം ശേഖരിക്കുന്നതിനും മറ്റും ഡാഷ് ബോര്‍ഡ് മികച്ചതും സമഗ്രവുമായ ഒരു സംവിധാനമാണ്. സംവിധാനം മനസിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഗുജറാത്തിലെത്തിയ ചീഫ് സെക്രട്ടറി ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തി. ഇവിടെയാണ് ഡാഷ് ബോര്‍ഡ് സംവിധാനത്തിന്റെ ഭാഗമായുള്ള വീഡിയോ വാള്‍ അടക്കമുള്ളത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് ചീഫ് സെക്രട്ടറി വി പി ജോയിയും സ്റ്റാഫ് ഓഫിസര്‍ ഉമേഷ് ഐഎഎസും ഗാന്ധിനഗറിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയത്. ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാര്‍ ഡാഷ് ബോര്‍ഡ് സംവിധാനം വിശദീകരിച്ച് നല്‍കി. ഇന്ന് മുഴുവന്‍ ഉദ്യോഗസ്ഥരുമായും മറ്റുമുള്ള കൂടിക്കാഴ്ച്ചകളാണ് നിശ്ചയിച്ചിരിക്കുന്നത്. നാളെ കേരളത്തിലേക്ക് മടങ്ങും. 2019 ല്‍ വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ തുടങ്ങിയ ഡാഷ് ബോര്‍ഡ് സംവിധാനമാണ് കേരളം പഠിക്കുന്നത്. സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ വിരല്‍ത്തുമ്പിലൂടെ തത്സമയം വിലയിരുത്തുന്നതാണ് സംവിധാനം. ഡാറ്റാബേസ് ഉണ്ടാക്കിയുള്ള സിഎം ഡാഷ് ബോര്‍ഡ് വഴി ഓരോ ദിവസവും വകുപ്പുകളുടെ പ്രകടനം അവലോകനം ചെയ്യാം.
അതേസമയം പ്രധാനമന്ത്രിയുടെ ഉപദേശ പ്രകാരമാണ് ഗുജറാത്ത് സന്ദര്‍ശനം എന്നാണ് ചീഫ് സെക്രട്ടറി വി.പി ജോയ് ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാറിന് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഗുജറാത്തിലെ ഡാഷ് ബോര്‍ഡ് സിസ്റ്റം മികച്ചതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. ഗുജറാത്ത് സന്ദര്‍ശിച്ച് പദ്ധതി പരിശോധിക്കാനും പ്രധാനമന്ത്രി ഉപദേശിച്ചിരുന്നു. ഇതുപ്രകാരം പദ്ധതിയെ കുറിച്ച് പഠിക്കാന്‍ അവസരം നല്‍കണമെന്നും ചീഫ് സെക്രട്ടറി വി.പി ജോയ് ഗുജറാത്ത് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.