തൃശൂരില്‍ മൂന്നു വിദ്യാര്‍ഥികള്‍ ചെളിയില്‍ താഴ്ന്നു മരിച്ചു ; കോട്ടയത്തു രണ്ടു കുട്ടികള്‍ ആറ്റില്‍ മുങ്ങി മരിച്ചു
തൃശൂര്‍ : ചാവക്കാട് ഒരുമനയൂരില്‍ ചെമ്മീന്‍ കെട്ടിലിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ ചെളിയില്‍ താഴ്ന്നുമരിച്ചു. ചാവക്കാട് പാലയൂര്‍ പള്ളിക്കടുത്ത് താമസിക്കുന്ന വരുണ്‍ (16), സൂര്യ (16, മുഹ്സിന്‍ (16) എന്നിവരാണ് മരിച്ചത്. കഴുത്താക്കല്‍ കായലിനു സമീപത്തെ ചെമ്മീന്‍കെട്ടില്‍ ഇറങ്ങിയ ഇവര്‍ ചെളിയില്‍ താഴ്ന്നുപോവുകയായിരുന്നെന്നാണ് ഒപ്പമുള്ളവര്‍ പറയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം നടന്നത്. അഞ്ചുകുട്ടികളാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഇതില്‍ രണ്ടുപേര്‍ നേരത്തെ കയറിപ്പോയി. മറ്റ് മൂന്നുപേര്‍ ചെളിയില്‍ താഴുകയായിരുന്നു. ചെളിനിറഞ്ഞ പ്രദേശമാണ് ഇവിടം. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തുന്നതിന് മുന്‍പേ തന്നെ മൃതദേഹങ്ങള്‍ നാട്ടുകാര്‍ പുറത്തെത്തിച്ചിരുന്നു.
മറ്റൊരു സംഭവത്തില്‍ കോട്ടയം ഏറ്റുമാനൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പേരൂര്‍ പള്ളിക്കുന്നേല്‍ കടവിലാണ് സംഭവം. പേരൂര്‍ മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ചെറുവാണ്ടൂര്‍ വെട്ടിക്കല്‍ വീട്ടില്‍ സുനിലിന്റെ മകന്‍ നവീന്‍ (15), ഏറ്റുമാനൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ചെറുവാണ്ടൂര്‍ കിഴക്കേ മാന്തോട്ടത്തില്‍ ലിജോയുടെ മകന്‍ അമല്‍ (16) എന്നിവരാണ് മരിച്ചത്. ഉച്ചക്ക് ഒരു മണിയോടെ അപകടമുണ്ടായത്. സുഹൃത്തുകള്‍ക്കൊപ്പം 4 പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പള്ളിക്കുന്നേല്‍ കടവില്‍ കുളിക്കാനെത്തിയത്. ഇതില്‍ രണ്ട് പേരാണ് കാല്‍വഴുതി ഒഴുക്കില്‍ പെട്ട് മുങ്ങി താഴ്ന്നത്. ഇവരെ രക്ഷിക്കാന്‍ സമീപവാസികള്‍ ശ്രമം നടത്തിയെങ്കിലും പുറത്തെടുത്തപ്പോഴേക്കും രണ്ട് പേരും മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.