ട്രഷറി നിയന്ത്രണത്തിനിടെയും പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിനായി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം അനുവദിച്ചു
ട്രഷറി നിയന്ത്രണത്തിനിടെയും പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദേശ പ്രകാരം ഇന്നലെയാണ് പണം അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ട്രഷറികളില്‍ കടുത്ത നിയന്ത്രണം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ ഉത്തരവ്. പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേരളാ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ പിന്നീട് ഈ കേസ് സിബിഐയ്ക്ക് വിടുകയും ചെയ്തു. പെരിയ കേസില്‍ അഭിഭാഷകരുടെ ഫീസിനത്തില്‍ മാത്രം 88 ലക്ഷം രൂപയാണ് സര്‍ക്കാരിന് ചെലവായത്. പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചിലവാക്കുന്നതിനു എതിരെ കടുത്ത എതിര്‍പ്പ് തുടരുന്നതിന്റെ ഇടയിലും പണം വാരി കോരി ചിലവാക്കുകയാണ് സര്‍ക്കാര്‍.
അതേസമയം ഇതുവരെ കാണാത്ത തരത്തിലാണ് കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നത്.ഇരുപത്തിയഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകളൊന്നും മാറേണ്ടെന്നാണ് ധനവകുപ്പ് നിര്‍ദ്ദേശം .ഇത് സംബന്ധിച്ച് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടര്‍ക്ക് എഴുതിയ കത്ത് ഏഷ്യാനെറ്റ് ന്യുസ് പുറത്തു വിട്ടു.എന്നാല്‍ ശമ്പള വിതരണത്തില്‍ പ്രശ്‌നങ്ങളുണ്ടാകില്ല എന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മാസം അവസാനിക്കുമ്പോള്‍ സംസ്ഥാന ഖജനാവ് നീങ്ങുന്നത് വന്‍ പ്രതിസന്ധിയിലേക്ക്.ചെലവാക്കലിലും ബില്‍ മാറുന്നതിലും നിയന്ത്രണം വേണമെന്നാണ് ധനവകുപ്പ് നിര്‍ദ്ദേശം.ഇത് സംബന്ധിച്ച ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടര്‍ക്ക് കത്ത് നല്‍കി.
കടങ്ങളുടെ തിരിച്ചടവിനും സെറ്റില്‍മെന്റുകള്‍ക്കായി കൂടുതല്‍ തുക മാസം ആദ്യം നീക്കി വച്ചത് കൊണ്ട് തന്നെ ഏപ്രില്‍ മാസം പ്രതിസന്ധി രൂക്ഷമായിരുന്നു.എന്നാല്‍ മാസം അവസാനം ചെലവുകള്‍ക്ക് കൂടി ആവശ്യത്തിനുള്ള നീക്കിയിരുപ്പ് ഇല്ല.ഈ ഘട്ടത്തിലാണ് ഇരുപത്തിയഞ്ച് ലക്ഷത്തിന് മേലുള്ള ഒരു ബില്ലും മാറേണ്ടെന്ന നിര്‍ദ്ദേശം.ഈ മാസം 25വരെ ഒരു കോടി രൂപയുടെ ബില്ലുകള്‍ വരെ അനുവദിക്കപ്പെട്ടിരുന്നു.
പുതിയ സാമ്പത്തിക വര്‍ഷം ആദ്യം കടമെടുപ്പിലും അനിശ്ചിതത്വമുണ്ട്.മാസം അവസാനത്തോടെ മൂവായിരം കോടി രൂപയെങ്കിലും കടമെടുക്കാനാണ് സംസ്ഥാനം ആലോചിക്കുന്നത്.മെയ് മാസം തുടക്കത്തില്‍ ശമ്പളത്തിനും പെന്‍ഷനുമായി നാലായിരംകോടിയിലേറെ കണ്ടെത്തേണ്ട സാഹചര്യമാണ്.കടമെടുപ്പ് ജിഎസ്ടി വിഹിതവും മെയ് മാസം പകുതിയോടെ പ്രതിസന്ധി തരണം ചെയ്യുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടല്‍.കേന്ദ്ര വിഹിതം കുറയുന്നതും വരും മാസങ്ങളില്‍ സംസ്ഥാനത്തിന് തിരിച്ചടിയാണ്.