കുവൈറ്റില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കി
കുവൈറ്റില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നീക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇതിനായുള്ള തീരുമാനം എടുത്തത്. രാജ്യത്തെ കോവിഡ് രോഗബാധ പൂര്‍ണമായും നിയന്ത്രണ വിധേയമായ സാഹചര്യമായതുകൊണ്ടാണ് ഇത്തരത്തില്‍ തീരുമാനം എടുത്തത്. മേയ് ഒന്ന് മുതലാണ് ഈ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. പുതിയ നിബന്ധന അനുസരിച്ച് അടച്ചിട്ട സ്ഥലങ്ങളിലും തുറസായ സ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമില്ല. എന്നാല്‍ രോഗലക്ഷണങ്ങളുള്ളവര്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധം. കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് പിസിആര്‍ പരിശോധന നടത്തുകയോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കുകയോ ചെയ്യേണ്ടതില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
പൊതു സ്ഥലങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശന അനുമതിയുണ്ടാവും. ഇതിന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിബന്ധനയോ, പിസിആര്‍ പരിശോധനയോ ആവശ്യമില്ല. അതുപോലെ വാക്‌സിനെടുക്കാത്തവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും പ്രവേശിക്കാന്‍ പിസിആര്‍ പരിശോധന വേണമെന്ന നിബന്ധനയും മാറ്റിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് വാക്‌സിന്‍ എടുത്തിട്ടില്ലെങ്കില്‍ പോലും ക്വാറന്റീന്‍ ആവശ്യമില്ല. എന്നാല്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ രോഗിയുമായി അവസാനം സമ്പര്‍ക്കമുണ്ടായ ദിവസം മുതല്‍ 14 ദിവസത്തേക്ക് മാസ്‌ക് ധരിക്കണം ഒപ്പം ഈ 14 ദിവസത്തിനിടെ രോഗലക്ഷണങ്ങളുണ്ടായാല്‍ പിസിആര്‍ പരിശോധന നടത്തണമെന്നും പുതിയ നിര്‍ദ്ദേശത്തിലുണ്ട്. രോഗം സ്ഥിരീകരിച്ചവര്‍ വീട്ടില്‍ അഞ്ച് ദിവസം ക്വാറന്റീനില്‍ കഴിയണം. അതിനുശേഷം ഒരു 5 ദിവസം കൂടി ഇവര്‍ മാസ്‌ക് ധരിക്കണം. കായിക പ്രേമികള്‍ക്ക് തടസമില്ലാതെ സ്റ്റേഡിയങ്ങളില്‍ പ്രവേശനം അനുവദിക്കും.