സോഷ്യല്‍ മീഡിയയിലെ സ്ത്രീകളുടെ വ്യാജ പ്രൊഫൈല്‍ ; ഹണി ട്രാപ്പിലൂടെ 48കാരന് നഷ്ടമായത് അരക്കോടിയോളം രൂപ
സ്ത്രീകള്‍ എന്ന വ്യാജേന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അരക്കോടിയോളം രൂപ തട്ടിയെടുത്ത സഹോദരങ്ങള്‍ പിടിയില്‍. കൊട്ടാരക്കര സ്വദേശികളായ ഹരി കൃഷ്ണന്. സഹോദരന് ഗിരി കൃഷ്ണന് എന്നിവരെയാണ് എറണാകുളം മരട് പോലീസ് പിടികൂടിയത്. മരട് സ്വദേശിയായ സ്വകാര്യ സ്ഥാപനത്തിലെ 48 വയസ്സുകാരനായ മാനേജരെ ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും സ്ത്രീയെന്ന വ്യാജേനയാണ് സഹോദരങ്ങള്‍ ബ്ലാക്ക്മെയിലിംഗ് നടത്തിയത്. ഇദ്ദേഹത്തിന്റെ നഗ്ന ചിത്രങ്ങള്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കിയ ശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. 46 ലക്ഷത്തില്‍പരം രൂപ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഒരു മാസക്കാലം നീണ്ട അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്.
കൊച്ചിയിലെ സ്വകാര്യ കമ്പനി മാനേജര്ക്കാരായ 48 കാരന് സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇദ്ദേഹത്തെ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രതികളായ സഹോദരങ്ങള്‍ പരിചയപ്പെട്ടു. പാര്‍വ്വതിയെന്ന പേരിലാണ് ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയത്. പ്രത്യേക ആപ്പ് ഉപയോഗിച്ച് ശബ്ദം മാറ്റി ശബ്ദ സന്ദേശമയച്ച് വിശ്വസിപ്പിച്ചു. തുടര്‍ന്ന് തന്ത്രപൂര്‍വ്വം ഇയാളുടെ നഗ്ന ദൃശ്യം കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. 46,48,000 രൂപയാണ് വിവിധ ബാങ്ക് അക്കൗണ്ടിലൂടെ മരട് സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തത്.
സ്ത്രീകളുടെ ശബ്ദം ലഭിക്കാന്‍ ഫോണില്‍ പ്രത്യേക ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തായിരുന്നു പ്രതികള്‍ സംസാരിച്ചിരുന്നത്. യുവാവിനെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു. പരാതിക്കാരനെ വിശ്വസിപ്പിക്കുവാന്‍ എറണാകുളം കലൂരിലെ ഫ്ലാറ്റിലുള്ള രണ്ട് സ്ത്രീകളുടെ വിലാസമാണ് നല്‍കിയത്. എന്നാല്‍ ആ അഡ്രസ്സില്‍ ആളില്ലെന്ന് മനസ്സിലായതോടെയാണ് തട്ടിപ്പാണെന്ന് മരട് സ്വദേശി തിരിച്ചറിഞ്ഞത്. ലൈംഗിക ബന്ധത്തിനായി ഫ്ലാറ്റിലേക്ക് ക്ഷണിച്ചതനുസരിച്ചാണ് അവിടെയെത്തിയത്. അപ്പോഴാണ് തനിക്ക് തട്ടിപ്പ് പറ്റിയെന്ന വിവരം പരാതിക്കാരന് അറിഞ്ഞത്. തുടര്‍ന്ന് മരട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്കെതിരെ കൊട്ടാരക്കര, ചിങ്ങവനം,പള്ളിക്കല്‍ അടക്കമുള്ള സ്ഥലങ്ങളിലും സമാനമായ വഞ്ചനാ കേസുകളുണ്ട്. പ്രതികളെ പിടികൂടാന്‍ ഒരു മാസത്തോളമാണ് പൊലീസ് ചെലവഴിച്ചത്. ഒടുവില്‍ പ്രതികളെ തിരിച്ചറിഞ്ഞശേഷമാണ് ഇരുവരെയും കസ്റ്റഡിലെടുത്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വി.യു.കുര്യക്കോസ് പറഞ്ഞു.