മോദിയുമായുള്ള ചര്‍ച്ചയുടെ വിശദാംശം പിണറായി പുറത്ത് വിടണമെന്ന് കെ മുരളീധരന്‍

മോദിയുമായി ചേര്‍ന്ന് കേരളത്തെ ഗുജറാത്താക്കാനുള്ള ശ്രമമാണ് ഇടതുസര്‍ക്കാര്‍ നടത്തുന്നതെന്ന് കെ മുരളീധന്‍ എംപി. ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ ബിജെപി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആരും പോയതായി അറിയില്ല. മോദിയുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പുറത്ത് വിടണമെന്ന് മരളീധരന്‍ ആവശ്യപ്പെട്ടു. മോദിക്ക് ശേഷം അഞ്ച് വര്‍ഷം ഭരിച്ച ഒരു മുഖ്യമന്ത്രിയും ഗുജറാത്തിലില്ല. അത് പഠിക്കാനാണോ കേരളത്തില്‍ നിന്നും ആളെ വിടുന്നതെന്നും മുരളീധരന്‍ ചോദിച്ചു. അതേസമയം ശിവഗിരിയെ വര്‍ഗീയവത്ക്കരിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്റെ ആക്ഷേപം ശരിയാണ്. പക്ഷേ ഇതിന് സിപിഎമ്മും പിന്തുണ നല്‍കുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന പദ്ധതിയാണ്. കേരളത്തില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാമെന്ന് മുരളീധരന്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ ഡാഷ്‌ബോര്‍ഡ് സംവിധാനത്തിന് പുറമെ ഗുജറാത്തിലെ മറ്റ് വികസനമാതൃകകളും വിലയിരുത്തി ചീഫ് സെക്രട്ടറി വിപി ജോയ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള വിദ്യാസമീക്ഷാ കേന്ദ്രം, ഗാന്ധി നഗറിലെ ഗിഫ്റ്റ് സിറ്റി എന്നിവയാണ് ചീഫ് സെക്രട്ടറി സന്ദര്‍ശിച്ചത്. സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞതിന് പുറമെയാണ് ഈ സന്ദര്‍ശനങ്ങള്‍. ഗുജറാത്തില്‍ വിജയകരമായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനത്തെക്കുറിച്ച് പഠിക്കാനായി ചീഫ് സെക്രട്ടറിയെ അയക്കുന്നുവെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ വിദ്യാഭ്യാസമേഖലയിലെ ഗുജറാത്ത് മോഡലുകളിലൊന്ന് കൂടി പഠിച്ച ശേഷമാണ് ചീഫ് സെക്രട്ടറി ഗാന്ധി നഗറില്‍ നിന്ന് മടങ്ങിയത്.

ഗുജറാത്തിലെ അരലക്ഷത്തോളം സര്‍ക്കാര്‍ സ്‌കൂളുകളെ ഓണ്‍ലൈനായി വിലയിരുത്തുന്ന കമാന്‍ഡ് സെന്ററായ വിദ്യാസമീക്ഷാ കേന്ദ്രത്തില്‍ ഏറെ നേരമാണ് ചീഫ് സെക്രട്ടറി ചെലവഴിച്ചത്. വെറുമൊരു സന്ദര്‍ശനമായിരുന്നില്ല ഇത്. പദ്ധതിയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദവിവരങ്ങള്‍ നല്‍കുന്നത് ദൃശ്യങ്ങളില്‍ കാണാം. കേരളത്തില്‍ സമാനമായ സംവിധാനം ഒരുക്കാന്‍ സാങ്കേതിക വിവരങ്ങള്‍ കൈമാറാമെന്ന ഉറപ്പും കിട്ടി. ഗുജറാത്ത് സര്‍ക്കാര്‍ ഗാന്ധി നഗറില്‍ തുടങ്ങിയ വന്‍കിട വികസന പദ്ധതിയായ ഗിഫ്റ്റ് സിറ്റിയും സന്ദര്‍ശിച്ചാണ് കേരളസംഘം മടങ്ങിയത്. ഈ സര്‍ക്കാര്‍ ഉത്തരവില്‍ ഡാഷ് ബോര്‍ഡ് സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ സംഘത്തെ അയച്ചെന്നാണ് പറയുന്നതെങ്കിലും പല മേഖലയിലെ വികസന മോഡലുകളെക്കുറിച്ച് പഠിച്ചാണ് സംഘത്തിന്റെ മടക്കം.