കെ റെയില്‍ ; എതിര്‍പ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പോലും കല്ലിടാനാകാതെ ഉദ്യോഗസ്ഥര്‍ മടങ്ങി

കെ റെയിലിനു കേരളത്തിലെ ജനങ്ങളുടെ പിന്തുണയുണ്ട് എന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും തുടരെ തുടരെ പറഞ്ഞിട്ടും എതിര്‍പ്പ് കുറയുന്നില്ല എന്നതാണ് സത്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ പോലും കല്ലിടാനാകാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ കണ്ണൂര്‍ ധര്‍മടം പഞ്ചായത്തില്‍ സില്‍വര്‍ ലൈന്‍ സര്‍വ്വേക്കായുള്ള കല്ല് സ്ഥാപിക്കാനാവാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. നൂറോളം യുഡിഎഫ്, ബി ജെ പി പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധവുമായി എത്തിയതോടെയാണ് കല്ലിടല്‍ ഉപേക്ഷിച്ചത്. അവധി ദിവസമായതിനാല്‍ അടുത്ത നാല് ദിവസങ്ങളില്‍ കല്ലിടല്‍ ഉണ്ടാകില്ല.

മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ ഒരു വീട്ടില്‍ ഒഴികെ കല്ലിട്ട ബാക്കിയെല്ലാ സ്ഥലത്തും വലിയ പ്രതിഷേധങ്ങളാണുണ്ടായത്. 2 പേരെ കസ്റ്റഡിയിലെടുത്ത ശേഷമാണ് കല്ലിടല്‍ പൂര്‍ത്തിയാക്കാനായത്. എന്നാല്‍ ഒരു വീട്ടില്‍ ഇട്ട കല്ലുകള്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പിഴുതു മാറ്റി. വീട്ടുടമസ്ഥയായ ഒരു സ്ത്രീക്ക് പ്രതിഷേധത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ കല്ലിടല്‍ പൂര്‍ത്തിയായതിന് ശേഷം 12.30 ഓടെയാണ് ഉദ്യോഗസ്ഥര്‍ കല്ലിടാനായി ധര്‍മടം പഞ്ചായത്തില്‍ പ്രവേശിച്ചത്. എന്നാല്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കല്ലിടല്‍ തടഞ്ഞു. ഉച്ചയ്ക്ക് ശേഷം വീണ്ടുമെത്തിയെങ്കിലും സമര സമിതി കൂടുതല്‍ പ്രവര്‍ത്തകരെ സ്ഥലത്തെത്തിച്ച് പ്രതിഷേധം ശക്തമാക്കി. സ്ഥലമുടമയായ വൃദ്ധ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.

അഞ്ച് മണിയോടെ ധര്‍മടം പഞ്ചായത്തില്‍ കല്ലുകള്‍ ഒന്നും ഇടാനാകാതെ കെ റെയില്‍ ഉദ്യോഗസ്ഥര്‍ മടങ്ങി. ശനിയും ഞായറും പെരുന്നാള്‍ അവധി ദിവസങ്ങളും വരുന്നതിനാല്‍ അടുത്ത നാല് ദിവസം കല്ലിടല്‍ ഉണ്ടാകില്ല. ഇനി 16 കിലോമീറ്റര്‍ കൂടിയാണ് കണ്ണൂര്‍ ജില്ലയില്‍ കല്ലിടാന്‍ ബാക്കിയുള്ളത്.