കോവിഡ് കുറഞ്ഞു ; പരോളില്‍ ഇറങ്ങിയവര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ജയിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി
രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞത് പാരയായത് ജയില്‍ പുള്ളികള്‍ക്ക് ആണ്. കോവിഡ് രൂക്ഷമായിരുന്ന സമയത്തു ധാരാളം പേര്‍ക്ക് അതിന്റെ പേരില്‍ പരോള്‍ കിട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ നേരെ ആയപ്പോള്‍ എല്ലാവരും മടങ്ങണം എന്നാണ് കോടതിയുടെ ഉത്തരവ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരോള്‍ ലഭിച്ച തടവുകാര്‍ ജയിലിലേക്ക് തന്നെ മടങ്ങണമെന്ന് സുപ്രീംകോടതി. രണ്ടാഴ്ചക്കുള്ളില്‍ തടവുകാര്‍ മടങ്ങണമെന്നും ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ പരോള്‍ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി കെ രജീഷ്, കെ സി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
രാജ്യത്ത് എല്ലാ കാര്യങ്ങളും സാധാരണ നിലയിലേക്ക് എത്തിയെന്നും ഇത്തരത്തിലുള്ള പരിരക്ഷ ഇനി പ്രതികള്‍ അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. ജയിലിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ സെപ്റ്റംബറിലാണ് പത്ത് വര്‍ഷത്തിന് മുകളില്‍ തടവ് ശിക്ഷ ലഭിച്ച പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടത്. പ്രത്യേക സാഹചര്യത്തില്‍ അനുവദിച്ച പരോള്‍ അനന്തമായി നീട്ടി നല്‍കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പത്ത് വര്‍ഷത്തിലധികം ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്കാണ് സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വീണ്ടും ജയിലിലേക്ക് മടങ്ങേണ്ടി വരിക. എന്നാല്‍, തടവ് പുള്ളികള്‍ ഒരുമിച്ച് ജയിലിലേക്ക് മടങ്ങുന്നത് സ്ഥിതി സങ്കീര്‍ണമാക്കുമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യം കൈകാര്യം ചെയ്യാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയാമെന്ന് കോടതി മറുപടി നല്‍കി.