സില്‍വര്‍ ലൈന്‍ ഒന്നുമാകില്ല ; സര്‍ക്കാരിനെതിരെ സീറോ മലബാര്‍ സഭ

പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതിക്കും സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി സീറോ മലബാര്‍ സഭാ മുഖപത്രം.വികസന മുദ്രാവാക്യം എന്നതിനപ്പുറം സില്‍വര്‍ ലൈന്‍ പദ്ധതി ഒന്നുമാകില്ല. ജനങ്ങളെ വെല്ലുവിളിച്ച് ചെയ്യുന്ന പ്രവൃത്തികളെ വികസനമെന്ന് വിളിക്കരുതെന്നും സത്യദീപം കുറ്റപ്പെടുത്തി. എഡിബി വായ്പയ്ക്കെതിരെ സമരം ചെയ്ത സഖാക്കള്‍ സില്‍വര്‍ ലൈന് ജപ്പാന്‍ നിക്ഷേപം കാത്തിരിക്കുകയാണ്. വായ്പയെടുത്തുള്ള വികസനം ബാധ്യതയാകുമെന്ന വിമര്‍ശനം ഗൗരവമായി കാണുന്നില്ല.

അതേസമയം സില്‍വര്‍ ലൈന്‍ സംവാദം എട്ട് നിലയില്‍ തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പരിഹസിച്ചു. സര്‍ക്കാരിന് വേണ്ടി സംസാരിക്കാന്‍ വന്നവര്‍ പദ്ധതിക്കെതിരായി മാറി. പദ്ധതി ഉപരിവര്‍ഗത്തിന് വേണ്ടിയാണെന്നാണ് വിദഗ്ധര്‍ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘സില്‍വര്‍ ലൈനിനു വേണ്ടി വാദിക്കാന്‍ വന്നവര്‍ അവസാനം കൂറ് മാറി. സര്‍ക്കാരിന് വേണ്ടി വാദിക്കാന്‍ വന്നവര്‍ക്ക് കല്ലിടുന്നതിന് എതിരെ പറയേണ്ടി വന്നു. സാധാരണക്കാരന്റെ പൊതുഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസിയെ തകര്‍ത്ത് വരേണ്യവര്‍ഗത്തിന് വേണ്ടി സില്‍വര്‍ ലൈന്‍ ഒരുക്കുന്നത് എന്ത് ഇടതുപക്ഷ സമീപനമാണ്? എന്നും അദ്ദേഹം ചോദിക്കുന്നു.