അമേരിക്കയെ കാട്ടുതീ വിഴുങ്ങുന്നു ; ടെക്‌സസ് മുതല്‍ അരിസോന വരെ കത്തിയമരുന്നു
കാട്ടുതീയുടെ സംഹാര താണ്ഡവത്തില്‍ അമേരിക്ക കത്തിയമരുന്നു. കലിഫോര്‍ണിയയില്‍ മാത്രം 14850 കോടി യുഎസ് ഡോളറിന്റെ നഷ്ടം കാട്ടുതീ മൂലം സംഭവിക്കുന്നുവെന്നാണ് കണക്ക്. അമേരിക്കയിലെ തെക്കുപടിഞ്ഞാറന്‍ മേഖലയിലാണ് തീ പടര്‍ന്നു പിടിച്ചത്. ഉയര്‍ന്ന വേഗതയില്‍ വീശിയടിച്ച കാറ്റാണ് ഇതിനു വഴിവച്ചത്. ന്യൂമെക്‌സിക്കോ സംസ്ഥാനത്ത് തീ വലിയ നാശം വിതച്ചു. 166 വീടുകളാണ് ഇവിടെ നശിച്ചത്. ഏപ്രില്‍ 22 മുതലാണ് അമേരിക്കയില്‍ കാട്ടുതീ ശക്തമായത്. ടെക്‌സസ് മുതല്‍ അരിസോന വരെ ഇതിന്റെ ആഘാതമുണ്ടായി. തെക്കുകിഴക്കന്‍ യുഎസ് മേഖലയിലെ ന്യൂമെക്‌സിക്കോ, അരിസോന, നെവാദ, കൊളറാഡോ, ടെക്‌സസ്, ഓക്ലഹോമ, നെബ്രാസ്‌ക എന്നിവിടങ്ങളിലാണ് കാട്ടുതീയുടെ തീവ്രത ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത്.
ന്യൂമെക്‌സിക്കോയില്‍ മാത്രം ആയിരത്തോളം അഗ്‌നിശമന സേനാംഗങ്ങള്‍ തീയണയ്ക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. പല സംസ്ഥാനങ്ങളിലും കൂടുതല്‍ തീയുണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. അഗ്‌നിബാധ മൂലം ഒരു മരണം മാത്രമാണ് യുഎസില്‍ ഇതുവരെ സംഭവിച്ചത്. അഗ്‌നിശമനസേനാംഗങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകരിലൊരാളാണ് തീയേറ്റു മരിച്ചത്. കഴിഞ്ഞവര്‍ഷവും യുഎസില്‍ കാട്ടുതീ വലിയതോതില്‍ പടര്‍ന്നുപിടിച്ചിരുന്നു. യുഎസിന്റെ നാഷണല്‍ ഇന്‍ട്രാ ഏജന്‍സി ഫയര്‍ സെന്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം 44,647 അഗ്‌നിബാധകള്‍ കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ യുഎസിലുണ്ടായി. കഴിഞ്ഞ ഡിസംബറില്‍ കൊളറാഡോയിലുണ്ടായ മാര്‍ഷല്‍ തീപിടിത്തം കൊളറാഡോ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഗ്‌നിബാധകളിലൊന്നായാണു കരുതപ്പെടുന്നത്. ബോള്‍ഡര്‍ എന്ന സ്ഥലത്ത് ചെറിയ ഒരു തീയായാണ് അഗ്‌നിബാധ തുടങ്ങിയത് പിന്നീട് ഇതു വ്യാപിക്കുകയായിരുന്നു. ആയിരത്തിലധികം കെട്ടിടങ്ങള്‍ ഇതു മൂലം നശിച്ചിരുന്നു. മരണം ഇല്ലായിരുന്നെങ്കിലും ആറിലധികം പേര്‍ക്ക് പൊള്ളല്‍ മൂലം പരുക്ക് പറ്റി.