പി സി ജോര്‍ജിനെ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ സര്‍ക്കാര്‍ വാദത്തിന് പ്രോസിക്യൂട്ടറില്ല
വിവാദ പ്രസ്താവന നടത്തി അറസ്റ്റിലായ മുന്‍ എം എല്‍ എ പി സി ജോര്‍ജ്ജിനെ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കുമ്പോള്‍ സര്‍ക്കാര്‍ വാദം പറയാന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നത് വിവാദമാകുന്നു. ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നില്ലെന്ന് അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വിശദീകരിച്ചു. പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത് മുതലുള്ള നാടകീയ രംഗങ്ങളുടെ രണ്ടാംഭാഗം അരങ്ങേറിയത് വഞ്ചിയൂരിലെ മജിസ്‌ട്രേട്ടിന്റെ വീട്ടിലാണ്. ജോര്‍ജിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനാണ് എത്തിയത്. എന്നാല്‍, ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപെടാന്‍ പ്രോസിക്യൂട്ടര്‍ എത്തിയില്ല. എപിപി എവിടെയെന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് പൊലീസിന് ഉത്തരമില്ലായിരുന്നു.
പൊലീസ് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടില്ലന്ന് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ വി എം ഉമ വിശദീകരിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വാട്‌സ് ആപ് വഴി നല്‍കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും എപിപി പറഞ്ഞു. പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ ജോര്‍ജിനെ 14 ദിവസം റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് പൊലീസാണ്. എന്നാല്‍, ജാമ്യം നല്‍കാവുന്ന വകുപ്പാണ് ചുമത്തിയതെന്നും ജാമ്യം നല്‍കണമെന്നും പിസിയുടെ അഭിഭാഷകന്‍ വാദിച്ചു. പൊലീസ് ആവശ്യങ്ങള്‍ തള്ളിക്കൊണ്ടാണ് ജാമ്യം നല്‍കിയത്. എപിപി എത്താത്തത് കൊണ്ട് ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് മാറ്റിവെക്കുമെന്ന ധാരണയിലായിരുന്നു പൊലീസ്. പ്രമാദമായ കേസിലെ പൊലീസ് നടപടിയിലുണ്ടായ വീഴ്ചയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്.
അതേസമയം തന്നെയൊരു കൊലപ്പുള്ളിയെ പോലെ പിടിച്ചുകൊണ്ടുവന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ജാമ്യം ലഭിച്ചതിന് ശേഷം പി സി ജോര്‍ജ് പ്രതികരിച്ചു. ഒരു ഫോണ്‍ വിളിച്ച് വിവരമറിയിച്ചാല്‍ എത്തുമായിരുന്നു. ഇപ്പോ ഇവിടെ വന്ന് വി മുരളീധരനെ കണ്ടതിന് കാരണമുണ്ട്. വേദനിപ്പിക്കുന്നവനെ ആശ്വസിപ്പിക്കുന്നവന്‍ മനുഷ്യത്വമുള്ളവരാണ്. ആ മനുഷ്യത്വം കാണിച്ച മാന്യനായ കേന്ദ്രമന്ത്രിയാണ് വി മുരളീധരന്‍ എന്നും പി സി ജോര്‍ജ് പറഞ്ഞു. ‘മുസ്ലിം തീവ്രവാദികള്‍ക്ക് പിണറായി കൊടുത്ത പെരുന്നാള്‍ സമ്മാനമാണ് പി സി ജോര്‍ജിന്റെ അറസ്റ്റ്. എന്നാല്‍ പരമോന്നത നീതിപീഠം ആ സമ്മാനം എന്റേതാക്കി മാറ്റി. പിണറായി വിജയന്‍ ഇരുട്ടത്ത് അടിയും കിട്ടി ഇരിപ്പുണ്ട്. മാധ്യമങ്ങള്‍ പക്ഷം പിടിച്ച് സംസാരിക്കരുതെന്നും പി സി ജോര്‍ജ് പറഞ്ഞു.
ഇന്ന് രാവിലെയാണ് കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തിയ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജാമ്യം ലഭിച്ചിട്ടും ഹിന്ദു മഹാസമ്മേളനത്തിലെ വിവാദപ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പി.സി. ജോര്‍ജ് പറഞ്ഞു. പരാമര്‍ശം പിന്‍വലിക്കില്ല. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ആവശ്യമില്ലാത്ത പ്രസംഗം നടത്തിയിട്ടില്ല. ഒരു കാരണവശാലം സാക്ഷിയെ സ്വാധീനിക്കരുത് വിവാദത്തിന്റെ കാര്യത്തില്‍ ഇടപെടരുത് എന്ന് പറഞ്ഞാണ് കോടതി ജാമ്യം തന്നിരിക്കുന്നത്, എനിക്കിഷ്ടപ്പെട്ട കാര്യങ്ങളെ പറയുകയുള്ളൂ. എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിലുറച്ച് നില്‍ക്കുന്നവനാണ് താനെന്നും അദ്ദേഹം പറഞ്ഞു.