ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പേരില്‍ പുതിയ വിവാദം
ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പേരില്‍ പുതിയ വിവാദം. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്റ്റിവ് (WCC) ആവശ്യപ്പെട്ടതുകൊണ്ടാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി വ്യവസായ മന്ത്രി പി. രാജിവ് . റിപ്പോര്‍ട്ട് അതേപടി പുറത്തുവിടരുതെന്നും അതിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നുമാണ് WCCയുടെ ആവശ്യം എന്നാണ് താന്‍ പറഞ്ഞതെന്ന് രാജിവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടരുമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞത്. ഡബ്ല്യൂസിസി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു.
കമ്മിഷന്‍ എന്‍ക്വയറി ആക്ട് പ്രകാരമായിരുന്നില്ല ഹേമ കമ്മിറ്റി. അതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നിര്‍ബന്ധമില്ലെന്നും അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ് പിന്നീട് പ്രതികരിച്ചു. രഹസ്യാത്മകമായി സൂക്ഷിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് പലരും കമ്മിറ്റിക്ക് മൊഴി നല്‍കിയിരിക്കുന്നത്. കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാണ് ഡബ്ല്യൂസിസി ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് wcc നിലപാട് എടുത്തിട്ടില്ല. ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടത്. താനുമായുള്ള കൂടിക്കാഴ്ചയിലും ഇക്കാര്യം പറഞ്ഞിരുന്നു.ഇത് ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തത്. രഹസ്യ സ്വഭാവത്തിലാണ് എല്ലാവരും മൊഴി നല്‍കിയത്. ഇത് പരസ്യമാക്കാന്‍ പലരും താത്പര്യപ്പെടുന്നില്ല. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ട്. നടപടിക്രമം പാലിച്ച് മാത്രമേ ഇക്കാര്യം ചെയ്യാനാകൂ. പല്ലും നഖവുമുള്ള നടപടികള്‍ക്കാണ് സര്‍ക്കാരിന്റെ ശ്രമം – മന്ത്രി വ്യക്തമാക്കി.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യുസിസി അവശ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരന്‍ പറഞ്ഞു. സിനിമ സംഘടനകളില്‍ നിന്ന് ഒരു കാലത്തും നീതി കിട്ടിയിട്ടില്ലെന്നും ദീദി ദാമോദരന്‍ പ്രതികരിച്ചു. മന്ത്രി പി രാജീവുമായി തങ്ങള്‍ നടത്തിയ മീറ്റിംഗില്‍ സമര്‍പ്പിച്ച കത്ത് സാമൂഹ്യമാധ്യമത്തിലൂടെ പുറത്തുവിട്ടും ഡബ്ല്യുസിസി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ ), കണ്ടെത്തലുകളും ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ടെന്നാണ് കത്തില്‍ പറയുന്നത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഞങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നീണ്ടു പോയപ്പോള്‍ ഞങ്ങള്‍ സാധ്യമായ എല്ലാ സര്‍ക്കാര്‍ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവണ്‍മെന്റ് നിശബ്ദമായിരുന്നപ്പോള്‍ ഞങ്ങള്‍ അതിനെതിരെ തുടരെ ശബ്ദമുയര്‍ത്തിയിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങള്‍ മൂടിവെച്ച് നിര്‍ദേശങ്ങള്‍ മാത്രം പുറത്തു വിട്ടാല്‍ പോര എന്നും അവര്‍ പറയുന്നു.
ഇതിനിടെ വിഷയത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ ഇടപെട്ടു. ചീഫ് സെക്രട്ടറിയോട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 15 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ അന്വേഷണത്തിനായി സംഘത്തെ നിയോഗിക്കുമെന്ന് കമ്മിഷന്‍ വ്യക്തമാക്കി. ഡബ്ല്യുസിസി നിരന്തരം പരാതി നല്‍കുകയാണെന്ന് കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു. മന്ത്രി പി രാജീവിനെ തള്ളിയ രേഖ ശര്‍മ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. പ്രൊഡക്ഷന്‍ ഹൗസുകളില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനമില്ല. മൂന്ന് മാസത്തിനകം തന്നെ റിപ്പോര്‍ട്ട് പുറത്തുവിടണമായിരുന്നു. പരാതിക്കാര്‍ക്ക് റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് മെല്ലെപ്പോക്ക് നയമാണെന്നും രേഖ ശര്‍മ കുറ്റപ്പെടുത്തി.