നിശാ ക്ലബ്ബില്‍ രാഹുല്‍ ഗാന്ധി ; വീഡിയോ ആയുധമാക്കി ബി ജെ പി

രാഹുല്‍ ഗാന്ധി നിശാ ക്ലബ് സന്ദര്‍ശിച്ചത് വിവാദമാക്കി ബി ജെ പി. അതിന്റെ പേരില്‍ ഇറങ്ങിയ വീഡിയോ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് ഇപ്പോള്‍ പാര്‍ട്ടി. ”രാജസ്ഥാന്‍ കത്തുന്നു, പക്ഷേ രാഹുല്‍ ഗാന്ധി സ്വന്തം പാര്‍ട്ടിയേക്കാള്‍ പാര്‍ട്ടിയാണ് ഇഷ്ടപ്പെടുന്നത്. ഇന്ത്യയിലെ വിവിധ പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്യുന്നു, എന്നാല്‍ ‘ഭാരത് കെ ലോഗ്’ എന്നതിനേക്കാള്‍ ബാറുകളാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. രാഹുല്‍ ഒരു പാര്‍ട്ട് ടൈം രാഷ്ട്രീയക്കാരനല്ല, മറിച്ച് ഒരു ‘പാര്‍ട്ടി ടൈം’ രാഷ്ട്രീയക്കാരനാണ്. ആദ്യമായല്ല… 26/11 ന് ശേഷമുള്ള അദ്ദേഹത്തിന്റെ പാര്‍ട്ടി മോഡ് ഓര്‍ക്കുക,” പൂനാവാല ട്വീറ്റ് ചെയ്തു.

ബിജെപി ഐടി കണ്‍വീനര്‍ അമിത് മാളവ്യ ട്വിറ്ററില്‍ പറഞ്ഞത് – ”മുംബൈ സംഘര്‍ഷഭരിതമായിരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഒരു നിശാക്ലബ്ബിലായിരുന്നു. തന്റെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി നടക്കുന്ന സമയത്ത് അദ്ദേഹം ഒരു നിശാക്ലബ്ബിലാണ്. കൗതുകകരമെന്നു പറയട്ടെ, അവരുടെ പ്രസിഡന്റ് സ്ഥാനം ഔട്ട്സോഴ്സ് ചെയ്യാന്‍ കോണ്‍ഗ്രസ് വിസമ്മതിച്ചതിന് തൊട്ടുപിന്നാലെ, അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിച്ചു.” കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു ട്വീറ്റ് ചെയ്തത് ഇങ്ങനെ- ”അവധി, പാര്‍ട്ടി, ഉല്ലാസ യാത്ര, സ്വകാര്യ വിദേശ സന്ദര്‍ശനം തുടങ്ങിയവ ഇപ്പോള്‍ രാജ്യത്തിന് പുതിയ കാര്യമല്ല…”

അതേസമയം നേപ്പാളില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ പോയതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്നുവരെ വിവാഹത്തില്‍ പങ്കെടുക്കുന്നത് കുറ്റമല്ല. നാളെയെ കുറിച്ച് അറിയില്ല. ഒരു വിവാഹത്തില്‍ പങ്കെടുക്കുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും പ്രശ്‌നമാണ്. ഇപ്പോഴും അങ്ങനെ ചെയ്യുന്നത് കുറ്റകരമല്ല.’ നേപ്പാളിലെ പ്രധാന ദിനപത്രമായ കാഠ്മണ്ഡു പോസ്റ്റ് രാഹുല്‍ ഗാന്ധിയുടെ യാത്രാവിവരണവും രാജ്യം സന്ദര്‍ശിക്കാനുള്ള കാരണവും പട്ടികപ്പെടുത്തിയിരുന്നു.

”വൈകിട്ട് 4:40 ന് വിസ്താര എയര്‍ലൈന്‍സ് വിമാനത്തില്‍ രാഹുല്‍) കാഠ്മണ്ഡുവില്‍ ഇറങ്ങി. കാഠ്മണ്ഡു വിമാനത്താവളത്തില്‍ അദ്ദേഹത്തോടൊപ്പം മറ്റ് മൂന്ന് പേര്‍ ഉണ്ടായിരുന്നുവെന്ന് രണ്ട് സുരക്ഷാ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. നക്‌സലിലെ കാഠ്മണ്ഡു മാരിയറ്റ് ഹോട്ടലിലാണ് രാഹുലും സുഹൃത്തുക്കളും താമസിക്കുന്നതെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. തന്റെ നേപ്പാളി സുഹൃത്ത് സുമ്നിമ ഉദസിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഗാന്ധി കാഠ്മണ്ഡുവിലെത്തിയത്,” ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശ് ബിജെപിയുടെ സോഷ്യല്‍ മീഡിയ കോ-കണ്‍വീനര്‍ ശശി കുമാറും വീഡിയോ ഷെയര്‍ ചെയ്യുകയും കോണ്‍ഗ്രസ് നേതാവ് നേപ്പാളിലെ ചൈനീസ് അംബാസഡറുമായി കമ്പനി കൂടിയെന്നും ആരോപിച്ചു.