കൊടും ചൂടില്‍ ചുട്ടുപൊള്ളി മഹാരാഷ്ട്ര ; സൂര്യാഘാതമേറ്റ് 25 മരണം

വേനല്‍ കനത്തതോടെ കൊടും ചൂടില്‍ ചുട്ട് പൊള്ളുകയാണ് മഹാരാഷ്ട്ര. വരും ദിവസങ്ങളിലും ഉഷ്ണ തരംഗം തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതുവരെ സൂര്യാഘാതമേറ്റ് 25 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 25 പേര്‍ കൊടും ചൂടേറ്റ് മഹാരാഷ്ട്രയില്‍ ഇതിനോടകം മരിച്ചു. കഴിഞ്ഞ 6 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 15 പേരാണ് വിദര്‍ഭമേഖലയില്‍ മാത്രം മരിച്ചത്. ശരാശരി 46 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചന്ദ്രപ്പൂര്‍ പോലെ ചില ജില്ലകളിലെ ചൂട്. മാര്‍ച്ച് – ഏപ്രില്‍ മാസത്തില്‍ മാത്രം സംസ്ഥാനത്ത് 400 ഓളം പേര്‍ക്ക് സൂര്യാഘാതമേറ്റെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കുടിവെള്ളക്ഷാമം മഹാരാഷ്ട്രയിലെ ഗ്രാമങ്ങളില്‍ അതിരൂക്ഷമാണ്. മനുഷ്യര്‍ക്കൊപ്പം മറ്റ് ജീവജാലങ്ങളും വലയുന്നു. ഈ അവസ്ഥ ഇനിയുള്ള ആഴ്ചകളിലും തുടരുമെന്നാണ് ഇപ്പോള്‍ വന്ന പ്രവചനം

അതിനിടെ ഉഷ്ണ തരംഗം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്രം. ആശുപത്രികളില്‍ മതിയായ സംവിധാനങ്ങള്‍ ഒരുക്കണം. ഐവി ഫ്‌ലൂയിഡ്, ഓആര്‍എസ് ലായനി, ഐസ് പാക്ക് എന്നിവയുണ്ടെന്ന് ഉറപ്പ് വരുത്തണം, ജനങ്ങള്‍ കഴിവതും വീടുകളില്‍ കഴിയണം, പുറത്തിറങ്ങിയാല്‍ കുടയോ, തൊപ്പിയോ കരുതണം. തൊഴിലിടങ്ങളില്‍ കുടിവെള്ളം കരുതണം,പൊതു സ്ഥലങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ വിശ്രമിക്കാന്‍ സൗകര്യം ഒരുക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. വടക്കേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ചൂടിന് നേരിയ ശമനമുണ്ടെങ്കിലും , തെക്കന്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്രയിലെ വിദര്‍ഭ തുടങ്ങിയ മേഖലകളില്‍ ഉഷ്ണ തരംഗം തുടരുകയാണ്.