സോളാര്‍ പീഡന പരാതിയില്‍ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി
സോളാര്‍ പീഡന പരാതിയില്‍ സിബിഐ അന്വേഷണ സംഘം പരാതിക്കാരിയുമായി തെളിവെടുപ്പ് നടത്തി. സിബിഐ ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലായിരുന്നു തെളിവെടുപ്പ്. ഇതാദ്യമായാണ് ഒരു കേന്ദ്ര അന്വേഷണ ഏജന്‍സി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തെളിവെടുപ്പ് നടത്തുന്നത്. ബിജെപിയുടെ പ്രമുഖ നേതാവ് എ പി അബ്ദുള്ളക്കുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസം മസ്‌കറ്റ് ഹോട്ടലില്‍ രേഖപ്പെടുത്തിയിരുന്നു.
രാവിലെ 10 മണിയോടെ പരാതിക്കാരിയുമായെത്തിയാണ് ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് തുടങ്ങിയത്. ഓട്ടോറിക്ഷയില്‍ വനിതാ പൊലീസുകാരിക്കൊപ്പമാണ് പരാതിക്കാരിയെത്തിയത്. പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ അനുമതിയോടെയാണ് സിബിഐ സംഘം ക്ലിഫ്ഹൗസില്‍ പരിശോധനയ്ക്ക് എത്തിയത്. ആറ് കേസുകളാണ് സോളാര്‍ പീഡന പരാതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്നത്. മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ബിജെപിയുടെ ദേശീയ നേതാവുമായിരുന്ന എപി അബ്ദുള്ളക്കുട്ടി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പരാതികളിലാണ് അന്വേഷണം. ഹൈബി ഈഡന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ താമസിച്ചിരുന്ന നിയമസഭ ഹോസ്റ്റലിലെ നിള ബ്ലോക്കിലെ 33,34 മുറികളില്‍ ഏപ്രില്‍ അഞ്ചിന് പരിശോധന നടത്തിയിരുന്നു.ഇത് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
ഇതോടൊപ്പം കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എ പി അനില്‍കുമാറുമായി ബന്ധപ്പെട്ട് നടന്ന പരാതിയിലും അന്വേഷണം നടക്കുകയാണ്. ഇതിന്റെ ഭാഗമായി അനില്‍കുമാറില്‍ നിന്ന് നേരത്തെ സിബിഐ മൊഴിയെടുത്തിരുന്നു. അദ്ദേഹത്തിന്റെ ജഗതിയിലെ വീട്ടിലെത്തിയാണ് അന്ന് മൊഴി എടുത്തിരുന്നത്. ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ കഴമ്പുണ്ടോയെന്ന് തെളിയിക്കാന്‍ മറ്റു നേതാക്കളില്‍ നിന്നുള്ള തെളിവെടുപ്പും സിബിഐ തുടരുമെന്നുറപ്പാണ്.