ഭക്ഷ്യവിഷബാധ ; സാമ്പിളുകളില്‍ ഇകോളി , കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം
ഒരു പെണ്‍കുട്ടി മരിക്കാന്‍ കാരണമായ ഷവര്‍മ്മ നല്‍കിയ കാസര്‍ഗോഡിലെ കൂള്‍ബാറിലെ ഭക്ഷ്യസാമ്പിളുകള്‍ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയ്ക്കയച്ച സാമ്പിളുകളിലാണ് സാന്നിധ്യം കണ്ടെത്തിയത്. ഷവര്‍മ്മ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികള്‍ എന്നിവയാണ് കോഴിക്കോട്ടെ റീജിയണല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധിച്ചത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഷിഗെല്ല, സാല്‍മണെല്ല ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടോ എന്നുള്ള പരിശോധന നടക്കുകയാണ്.
അതിനിടെ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സ്വമേധയാ ഹൈക്കോടതി കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. സംഭവത്തില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ശുചിത്വം ഉറപ്പാക്കാന്‍ നടപടി ഉണ്ടാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കാസര്‍കോട് ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുകയും ഒരു വിദ്യാര്‍ത്ഥിനി മരിച്ചതും വലിയ വാര്‍ത്തയായിരുന്നു. മുപ്പതിലേറെ പേര്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടുകയും ചെയ്തു.
വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് പിന്നാലെ ചെറുവത്തൂരില്‍ ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന നടന്നിരുന്നു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഐസ്‌ക്രീം വിതരണകേന്ദ്രം അടപ്പിച്ചു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കൂള്‍ബാറുള്‍പ്പടെയുള്ള കടകള്‍ അടച്ചുപൂട്ടാനും ചെറുവത്തൂര്‍ പഞ്ചായത്ത് യോഗത്തില്‍ തീരുമാനമായി. കടകളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിര്‍ബന്ധമാക്കാനും തീരുമാനിച്ചു.