ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : തീരുമാനിക്കേണ്ടത് സര്‍ക്കാരെന്ന് ‘അമ്മ’

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ എതിര്‍പ്പ് ഇല്ലെന്ന് താരസംഘടന അമ്മ. സര്‍ക്കാരാണ് ഇതില്‍ തീരുമാനം എടുക്കേണ്ടത്. ചര്‍ച്ചയില്‍ തങ്ങള്‍ക്ക് നിരാശയില്ലെന്നും അമ്മ ഭാരവാഹികള്‍ പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ അമ്മ, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അടക്കമുള്ള സിനിമാ മേഖലയിലെ സംഘടനകള് പങ്കെടുത്തു. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഡബ്ല്യുസിസി. സിനിമാസംഘടനകള്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച നിരാശാജനകമായിരുന്നെന്നും ഡബ്ല്യുസിസി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണം എന്ന് ഇന്നത്തെ യോഗത്തിലും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. പുറത്ത് വിടാനാകില്ലെന്നു സര്‍ക്കാര്‍ ആവര്‍ത്തിച്ചു. 500 പേജുള്ള റിപ്പോര്‍ട്ട് ആണെന്നും പുറത്തുവിടാനാകില്ലെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ചര്‍ച്ചയില്‍ ഡബ്ല്യുസിസി പൊസിറ്റീവായാണ് പ്രതികരിച്ചത്. ഇന്നാണ് നിര്‍ദേശങ്ങള്‍ കൈമാറിയത്. എന്തിനെ അടിസ്ഥാനമാക്കിയാണ് നിര്‍ദേശങ്ങള്‍ എന്ന് വ്യക്തമാക്കണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍, നിഗമനങ്ങള്‍ എന്നിവ അറിയേണ്ടത് ഉണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തത ഇല്ല. ഇത് ഡബ്ല്യുസിസിയുടെ മാത്രം പ്രശ്‌നം അല്ല. ഇന്നത്തെ മീറ്റിങ്ങില്‍ വ്യക്തത കുറവ് ഉണ്ടെന്നും ഡബ്ല്യുസിസി പറഞ്ഞു. ജസ്റ്റിസ് ഹേമയെ ഉള്‍പ്പെടുത്തി ചര്‍ച്ച വേണമെന്നും ഡബ്ല്യുസിസി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ 90% നിര്‍ദ്ദേശങ്ങളോടും യോജിക്കുന്നു എന്ന് അമ്മ ഭാരവാഹികള്‍ വ്യക്തമാക്കി. ചിലത് നടപ്പാക്കാന്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ ഉണ്ട്. ചര്‍ച്ചയെ, നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്യുന്നു എന്നും നടന്‍ സിദ്ദിഖ് പറഞ്ഞു. തുല്യവേതനം അടക്കമുള്ള നിര്‍ദേശത്തില്‍ വ്യക്തകുറവ് ഉണ്ടെന്ന് അറിയിച്ച് അവയെ അമ്മയടക്കമുള്ള സംഘടനകള്‍ എതിര്‍ത്തു. ഭൂരിപക്ഷം നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ തടസ്സമില്ല എന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് സുരേഷ്‌കുമാര്‍ യോ?ഗത്തിന് ശേഷം പറഞ്ഞു. റെഗുലേറ്ററി അതോറിറ്റിയെ അംഗീകരിക്കാനാവില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ സമിതി നിര്‍ദേശം ആണ് റെഗുലേറ്ററി അതോറിറ്റി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഉള്ളടക്കം അറിയേണ്ട കാര്യമില്ല. സര്‍ക്കാര്‍ കൃത്യമായ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് എന്നും സുരേഷ് കുമാര്‍ പറഞ്ഞു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാനായാണ് സാംസ്‌കാരിക മന്ത്രി ഇന്ന് യോ?ഗം വിളിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി രണ്ട് വര്‍ഷം മുമ്പാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടില്‍ തുടര്‍ചര്‍ച്ചയല്ല , നിയമം കൊണ്ടുവരുകയാണ് ചെയ്യേണ്ടതെന്നാണ് ഡബ്ല്യുസിസിയുടെ നിലപാട്. നേരത്തെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ ദേശീയ വനിതാ കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ പ്രതികരണം നല്‍കണമെന്ന് കേരള ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി വനിതാ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.