പണപ്പെരുപ്പം ; റിപ്പോ നിരക്കുയര്‍ത്തി ആര്‍ബിഐ ; പലിശനിരക്കുകള്‍ ഉയരും
രാജ്യത്തെ റിപ്പോ നിരക്ക് വര്‍ധിപ്പിച്ച് ആര്‍ബിഐ . റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് പ്രസ്താവന പുറത്തിറക്കിയത്. റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ച് 4.40 ശതമാനമായാണ് ഉയര്‍ത്തിയത്. ആര്‍ബിഐയുടെ റിപ്പോ നിരക്ക് 2020 മെയ് മുതല്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതുവരെ 4 ശതമാനമായിരുന്നു റിപ്പോ നിരക്ക്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ മോണിറ്ററി പോളിസി സമിതി അസാധാരണ യോഗം ചേരുകയായിരുന്നു. യോഗത്തില്‍ പണനയ സമിതി ഐക്യകണ്‌ഠേന നിരക്ക് ഉയര്‍ത്താന്‍ അഭിപ്രായപ്പെടുകയായിരുന്നു. വിപണിയിലെ പണലഭ്യത കുറയ്ക്കുകയും ഇതിലൂടെ വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്യുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതുക്കിയ നിരക്കുകള്‍ ഉടനെ പ്രാബല്യത്തില്‍ വരുമെന്ന് ഗവര്‍ണര്‍ അറിയിച്ചു.
റിപ്പോ നിരക്ക് 2020 മെയ് മുതല്‍ ഇതുവരെ 4 ശതമാനത്തില്‍ തുടരുകയായിരുന്നു. റഷ്യ – ഉക്രൈന്‍ സംഘര്‍ഷം, എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവ രാജ്യത്തെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം എന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്താ ദാസ് പറഞ്ഞു.ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് വായ്പ നല്‍കുന്ന നിരക്കാണ് റിപ്പോ നിരക്ക്. അതേസമയം, വിപണിയിലെ അധിക പണം തിരിച്ചെടുക്കാന്‍ റിസര്‍വ് ബാങ്ക് ഹ്രസ്വകാലത്തേക്ക് ബാങ്കുകളില്‍ നിന്ന് പണം കടമെടുക്കുന്ന നിരക്കാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.