ടി.പിയുടെ കൊലപാതത്തിന് ഇന്നേക്ക് ഒരു പതിറ്റാണ്ട്

ഫയൽ ചിത്രം

കേരള രാഷ്ട്രീയത്തിലെ തീരാ കളങ്കത്തിന് ഇന്നേക്ക് ഒരു പതിറ്റാണ്ട്. സിപിഐഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ കേസ് ഇപ്പോഴും പാര്‍ട്ടിക്ക് നാണക്കേട് ആണ്. 2012 മേയ് 4, രാത്രി 10 മണി സിപിഐഎം വിട്ട് റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച ടി.പി.ചന്ദ്രശേഖരന്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. കോഴിക്കോട് വടകര വള്ളിക്കാട് വച്ചാണ് കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുന്നത്. വെട്ടേറ്റ 51 മുറിവുകളാണ് ടി.പി.ചന്ദ്രശേഖരന്റെ ശരീരത്തിലുണ്ടായിരുന്നത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കീഴിലുണ്ടായിരുന്ന ആഭ്യന്തര വകുപ്പ് പ്രത്യേക സംഘത്തെ തന്നെ അന്വേഷണത്തിനായി നിയോഗിച്ച് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് പ്രതികളെ പിടികൂടി. കൊടി സുനിയും സംഘവുംഒളിച്ചിരുന്ന കണ്ണൂര്‍ മുടക്കോഴി മലയിലും അന്വേഷണ സംഘമെത്തി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ പിടിയിലായതോടെ അന്വേഷണം ഗൂഢാലോചനയിലേക്ക് നീങ്ങി.

ടി.പിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഒഞ്ചിയത്തെ വീട്ടിലെത്തിയ വിഎസ് അച്യുതാനന്ദന്‍, ടിപിയെ ധീരനായ കമ്മ്യൂണിസ്റ്റെന്ന് വിശേഷിപ്പിച്ചാണ് രാഷ്ട്രീയ കൊലപാതകത്തോടുള്ള നിലപാട് വ്യക്തമാക്കിയത്. ഇതോടെ ആരോപണ സ്ഥാനത്തുണ്ടായിരുന്ന സിപിഐഎം കൂടുതല്‍ പ്രതിസന്ധിയിലായി. രാഷ്ട്രീയ കൊലപാതക കേസുകളില്‍ കേരളം ഇന്നേ വരെ കാണാത്ത രീതിയില്‍ നടന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ 76 പേരാണ് കസ്റ്റഡിയിലായത്. സിപിഐഎം നേതാക്കളായ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍, കെ.കെ.രാഗേഷ് തുടങ്ങിയവരും പ്രതിപ്പട്ടികയിലുള്‍പ്പെട്ടു.
ഇടക്കാല വിധിയിലൂടെ വിചാരണക്കോടതി കെ.കെ.രാഗേഷിനെ വെറുതെവിട്ടു.2014 ജനുവരി 22നാണ് വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പ്രസ്താവിച്ചത്. 11 പേരെ ജീവപര്യന്തം തടവിനും ഒരാളെ 3 വര്‍ഷം തടവിനും ശിക്ഷിച്ചു.

പി.മോഹനനെ വെറുതെ വിടുകയും ചെയ്തു. സിപിഐഎം മുന്‍ പാനൂര്‍ ഏരിയ കമ്മിറ്റിയംഗം പി.കെ.കുഞ്ഞനന്ദന്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂണ്‍ 11ന് മരിച്ചു. ഒരാള്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് ജയില്‍ വിട്ടു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കൊടി സുനി ഒഴികെയുള്ള പ്രതികള്‍ക്ക് പരോള്‍ നല്‍കിയിരുന്നു. ഈ പരോള്‍ നീട്ടണമെന്ന പ്രതികളുടെ ആവശ്യം കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി തള്ളിയത്. വിചാരണക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. എന്നാല്‍ അന്നു പ്രതിഭാഗത്തായിരുന്നവരെല്ലാം ഇന്ന് കൂട്ടത്തോടെ സര്‍ക്കാരിന്റെ ഭാഗമായതോടെ കേസ് നടത്തിപ്പിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിലാണ് ആര്‍എംപി.
വടകര മേഖലയിലെ ഏതാനും പഞ്ചായത്തുകളില്‍ മാത്രം ഒതുങ്ങി നിന്ന ആര്‍എംപി എന്ന പാര്‍ട്ടി ടി.പി.വധത്തോടെ മറ്റിടങ്ങളിലേക്കും വളരാന്‍ ശ്രമം നടത്തി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയോടെ കെ.കെ.രമ വടകര പിടിച്ചെടുത്ത് എല്‍ ഡി എഫിന് തിരിച്ചടിയും നല്‍കി.