കൊല്ലത്ത് അതിഥി തൊഴിലാളിയെ ബാര്‍ ജീവനക്കാര്‍ അടിച്ചു കൊന്നു
കൊല്ലം കുണ്ടറയില്‍ ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. മഹാരാഷ്ട്ര സ്വദേശി പര്‍വീന്‍ രാജുവാണ് മരിച്ചത് ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. ഇന്നലെ (മെയ് 5) രാത്രിയോടെയാണ് കുണ്ടറ ആശുപത്രി ജംഗ്ഷനിലെ ബാറില്‍ വച്ച് പര്‍വീന് മര്‍ദ്ദനമേല്‍ക്കുന്നത്.ബാറിനോട് ചേര്‍ന്നുള്ള ഹോട്ടലിലെ ജീവനക്കാരനാണ് മരിച്ച പര്‍വീന്‍ രാജു. ഹോട്ടല്‍ അടച്ചശേഷം ബാറില്‍ മദ്യപിക്കാന്‍ എത്തിയതായിരുന്നു പര്‍വീന്‍. എന്നാല്‍ ഇയാള്‍ എത്തിയപ്പോള്‍ ബാര്‍ അടച്ചുവെന്ന് ജീവനക്കാര്‍ അറിയിച്ചു. തുടര്‍ന്ന് അതിഥി തൊഴിലാളിയും ബാറിലെ ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി.
തര്‍ക്കം രൂക്ഷമായതോടെ ബാര്‍ ജീവനക്കാര്‍ ഇയാളെ മര്‍ദ്ദിക്കന്‍ തുടങ്ങി. ബാറിലുണ്ടായിരുന്ന ആളുകളും ജീവനക്കാര്‍ക്കൊപ്പം ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. മര്‍ദ്ദനമേറ്റ് നിലത്തുവീണ ഇയാളെ ബാറില്‍ നിന്നും റോഡിലേക്ക് എടുത്തെറിയുകയും ചെയ്‌തെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പര്‍വിന്‍ രാജു ഇന്ന് രാവിലെയോടെയാണ് മരിച്ചത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തെളിവിനായി പോലീസ് ദൃശ്യങ്ങളും ശേഖരിച്ചു. മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.