ബസ്സുകള്‍ വെറുതെ ഇട്ട് തുരുമ്പ് എടുപ്പിക്കുന്നത് എന്തിന്? KSRTCയോട് ചോദ്യവുമായി ഹൈക്കോടതി
കനത്ത സാമ്പത്തിക പ്രശ്‌നത്തിന് ഇടയിലും ധൂര്‍ത്തും കെടു കാര്യസ്ഥതയും തുടരുന്ന കെഎസ്ആര്‍ടിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. ഓടിക്കാതെ കെഎസ്ആര്‍ടിസി ബസുകള്‍ വെറുതെ ഇട്ട് തുരുമ്പ് എടുപ്പിക്കുന്നത് എന്തിനെന്ന് ചോദിച്ച ഹൈക്കോടതി, മൈലേജ് ഇല്ലെങ്കില്‍ ബസുകള്‍ വിറ്റു കൂടെ എന്നും ആരാഞ്ഞു. മൈലേജ് ഇല്ലാത്ത വാഹനം എന്നതിന്റെ പേരില്‍ ബസുകള്‍ ഓടിക്കാതെ തുരുമ്പെടുത്ത് നശിക്കുന്ന സാഹചര്യം ഉണ്ട്. മൈലേജ് ഇല്ല, വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയില്ല എങ്കില്‍ വിറ്റു കൂടെ എന്നാണ് ഹൈക്കോടതി ചോദിച്ചത്.
ശമ്പളം ലഭിക്കാത്തതിനാല്‍ ജീവനക്കാര്‍ ഇന്നു സമരം ചെയ്യുകയാണ്. എത്രകാലമായി ബസുകള്‍ ഇങ്ങനെ ഇട്ടിരിക്കുന്നുവെന്ന ചോദ്യത്തിന് ക്യത്യമായ ഉത്തരമില്ലെന്നും കോടതി കുറ്റപെടുത്തി. 455 ബസുകള്‍ സമയത്ത് വിറ്റിരുന്നെങ്കില്‍ ഒരു ബസിന് പത്തു ലക്ഷം രൂപ വീതം ലഭിക്കുമായിരുന്നു. ഇതിപ്പോള്‍ ഒരു ലക്ഷത്തില്‍ താഴെ പോലും ലഭിക്കുമോയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. പൊതുതാല്പര്യ ഹര്‍ജിയിന്മേലാണ് കോടതിയുടെ വിമര്‍ശനം. സംസ്ഥാനത്ത് വിവിധ യാര്‍ഡുകളിലായി നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു. അതിനു കാരണമായി കെഎസ്ആര്‍ടിസി പറയുന്നത് അവയ്ക്ക് മൈലേജില്ല എന്നാണ്. ഇങ്ങനെ എന്തിനാണ് വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് എന്നാണ് കോടതി ചോദിച്ചത്.
നിലവില്‍ കാലാവധി കഴിഞ്ഞ 920 ബസുകളാണ് കണ്ടം ചെയ്യാനുള്ളതെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതില്‍ 681 സാധാരണ ബസുകളും 239 ജന്റം ബസുകളുമാണ്. 10 വര്‍ഷം മുതല്‍ 19 വര്‍ഷം വരെ സര്‍വീസ് നടത്തിയ ബസുകളാണ് കണ്ടം ചെയ്യുന്നത്. ഇതിന്റെ വിശദാംശങ്ങളും കൈമാറിയിട്ടുണ്ട്. കണ്ടം ചെയ്യുന്ന ബസുകളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. കാസര്‍കോട് സ്വദേശിയായ എന്‍. രവീന്ദ്രന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു കോടതി വിശദാംശങ്ങള്‍ തേടിയത്.