തൃക്കാക്കരയിലെ LDF സ്ഥാനാര്‍ഥി നിര്‍ണ്ണയം ; വിശദീകരണവുമായി സിറോ മലബാര്‍ സഭ

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കര നിയോജകമണ്ഡലത്തില്‍ ഇടതുപക്ഷസ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് തങ്ങള്‍ യാതൊരു തരത്തിലും ഇടപെട്ടിട്ടില്ലെന്ന വിശദീകരണവുമായി സിറോ മലബാര്‍ സഭ. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ ബോധപൂര്‍വം നടത്തുന്ന ഈ പ്രചരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്ന് സിറോ മലബാര്‍ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. അലക്‌സ് ഓണംപള്ളി അറിയിച്ചു. മുന്നണികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്കനുസൃതമായാണ്. ഈ പ്രക്രിയയില്‍ സഭാനേതൃത്വത്തിന്റെ ഇടപെടല്‍ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളു.

വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഈ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയില്‍ സമിപിക്കുമെന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ മത്സരത്തോടൊപ്പം സാമുദായിക വോട്ട് ബാങ്ക് കൂടി ലക്ഷ്യമിട്ടുള്ള സിപിഎം നീക്കമായിരുന്നു ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിറകില്‍ ഉള്ളതെന്ന ആക്ഷേപം ഒരുവിഭാഗം ഉയര്‍ത്തിയിരുന്നു. സഭയ്ക്ക് കീഴിലുള്ള ആശുപത്രിയില്‍ വൈദികന്റെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ച് സഭയുടെയും സ്ഥാനാര്‍ത്ഥിയെന്ന പ്രതീതിയുണ്ടാക്കാനും സിപിഎം ശ്രമം നടത്തിയെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. 41 ശതമാനമുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വോട്ട് തൃക്കാക്കരയില്‍ നിര്‍ണ്ണായകമാണ്. ഇതില്‍ വലിയ പങ്കും സിറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള വിശ്വാസികളുടേതാണ്. വിശ്വാസികള്‍ രണ്ട് ചേരിയായി മാറിയതും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.