എറണാകുളത്തെ ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ക്കെതിരെ പരാതി നല്കി യു.ഡി.എഫ്
എറണാകുളം : ജില്ലയിലെ ഇലക്ഷന് ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റിയതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി യു ഡി എഫ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം – കോഴിക്കോട് ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍മാരെ പരസ്പരം മാറ്റുകയായിരുന്നു. 2011-ല്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തില്‍ നടപടി നേരിട്ടയാളെയാണ് പുതിയ ഇലക്ഷന് ഡെപ്യൂട്ടി കളക്ടറായി എറണാകുളത്ത് നിയമിച്ചിരിക്കുന്നത്. ഭരണാനുകൂല സര്‍വീസ് സംഘടന നേതാവായ ഇവര്‍ക്ക് ഭരണകക്ഷി നേതാക്കളുമായി നേരിട്ട് ബന്ധമുണ്ട്. ഈ സാഹചര്യത്തില്‍ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് യു.ഡി.എഫിന് വേണ്ടി നല്കിയ പരാതിയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.
തൃക്കാക്കരയില്‍ യുഡിഎഫ് ഉമാ തോമസിനേയും എല്‍ഡിഎഫ് ഡോ ജോ ജോസഫിനേയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി എ.എന്‍.രാധാകൃഷ്ണനെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. ആം ആദ്മി, ട്വന്റി ട്വന്റി എന്നിവര്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള ആലോചനയിലാണ്. തൃക്കാക്കരയില്‍ മെയ് പതിനൊന്ന് വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. മെയ് 31-നാണ് വോട്ടെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂണ്‍ അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദേശം.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടക്കുന്ന ആദ്യത്തെ ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. ഈ തെരഞ്ഞെടുപ്പ് ജയിക്കാനായാല്‍ നിയമസഭയിലെ എല്‍ഡിഎഫ് അംഗബലം നൂറാവും. നൂറ് സീറ്റുകളോടെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനുള്ള സുവര്‍ണാവസരമായിട്ടാണ് സിപിഎം തെരഞ്ഞെടുപ്പിനെ കാണുന്നത്. അതേസമയം സില്‍വര്‍ ലൈന്‍ വിഷയം വലിയ ചര്‍ച്ചയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് എന്നതും രാഷ്ട്രീയമായ വെല്ലുവിളിയായി സര്‍ക്കാരിന് മുന്നിലുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ് വരെ സംഘടനാ പരിപാടികളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും ഒന്നാം പിണറായി സര്‍ക്കാരുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദപരമ്പരകള്‍ ജനങ്ങളെ എത്രത്തോളം സ്വാധീനിച്ചു എന്നതും തെരഞ്ഞെടുപ്പില്‍ വ്യക്തമാവും എന്നതിനാല്‍ അട്ടിമറി ജയം ലക്ഷ്യമിട്ടുള്ള കടുത്ത പോരാട്ടത്തിനാണ് എല്‍ഡിഎഫ് ഇറങ്ങുന്നത്.