പാചകവാതകവില വീണ്ടും കൂട്ടി ; കൂട്ടിയത് 50 രൂപ ; വില ആയിരം കടന്നു
രാജ്യത്തെ പാചക വാതക വില വീണ്ടും കൂട്ടി. 50 രൂപയാണ് ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന്റെ പുതുക്കിയ വില 1006.50 രൂപയായി. 956.50 രൂപയായിരുന്നു നേരത്തേയുണ്ടായിരുന്ന വില. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു. 2359 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ ഇപ്പോഴത്തെ വില. 103 രൂപയുടെ വര്‍ധനവാണ് വാണിജ്യ സിലിണ്ടറിന് ഉണ്ടായത്. കഴിഞ്ഞ നാലു മാസത്തിനിടെ 365 രൂപയാണ് വാണിജ്യ സിലിണ്ടറുകള്‍ക്കു വര്‍ധിപ്പിച്ചത്.
അതേസമയം രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും മാറ്റമില്ല. മാര്‍ച്ച് മുതല്‍ ഏപ്രില്‍ 6 വരെ പ്രധാന നഗരങ്ങളിലുടനീളം എണ്ണ വിപണന കമ്പനികള്‍ 14 തവണ വില വര്‍ദ്ധിപ്പിച്ചിരുന്നു. അതിനുശേഷം ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 105.41 രൂപയ്ക്കുംഡീസല്‍ ലിറ്ററിന് 96.67 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ 120.51 രൂപയ്ക്കും ഒരു ലിറ്റര്‍ ഡീസല്‍ 104.77 രൂപയ്ക്കും വാങ്ങാം. കൊല്‍ക്കത്തയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 115.12 രൂപയും ഒരു ലിറ്റര്‍ ഡീസല്‍ ലിറ്ററിന് 99.83 രൂപയുമാണ്. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് 110.85 രൂപയും ഡീസല്‍ ലിറ്ററിന് 100.94 രൂപയും നല്‍കണം.