റിസോര്‍ട്ട് ഉടമയെ ഹണി ട്രാപ്പില്‍ കുടുക്കി 10 ലക്ഷം തട്ടാന്‍ ശ്രമം , എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

മാരാരിക്കുളത്ത് സ്വകാര്യ റിസോര്‍ട്ട് നടത്തുന്നയാളില്‍ നിന്നും ഹണിട്രാപ്പിനു സമാനമായ തട്ടിപ്പിലൂടെ 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ അഞ്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. തൃശൂര്‍ കീഴേ പള്ളിക്കര പോഴത്ത് വീട്ടില്‍ എസ് നിധീഷ് (22), ചോറുപാറ കൊള്ളാനൂര്‍ വീട്ടില്‍ കെ എബി (19), ചാവക്കാട് പുത്തന്‍പുരയില്‍ ഹൗസില്‍ എസ് അജ്മല്‍ (20), വേലൂര്‍ കിരാലൂര്‍ വാവറൂട്ടി ഹൗസില്‍ എം ശ്രീഹരി (21), പുല്ലേരി വാഴപ്പുള്ളി ഹൗസില്‍ റൊണാള്‍ഡോ വില്യംസ് (21) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്.

കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്വദേശി വാറാന്‍ കവലയ്ക്ക് സമീപം റിസോര്‍ട്ട് നടത്തുന്ന നാല്‍പത്തിമൂന്നുകാരനെയാണ് ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിച്ചത്.സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഇയാള്‍ പലരെയും വായ്പയ്ക്ക് സമീപിച്ചിരുന്നു. ഇത്തരത്തില്‍ തൃശൂരിലെ ഒരു യുവതിയെ പരിചയപ്പെട്ടു. ഇവര്‍ ആവശ്യപ്പെട്ടതു പ്രകാരം തൃശൂരിലെ ലോഡ്ജിലെ മുറിയിലെത്തിയ റിസോര്‍ട്ട് ഉടമയെ പിന്നീട് സ്ത്രീയുടെ സുഹൃത്തുക്കളെന്ന പേരിലെത്തിയ യുവാക്കള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.

ഇതിനിടെ റിസോര്‍ട്ട് ഉടമയുടെ വീട്ടുകാര്‍ ഇയാളെ കാണാനില്ലെന്നുകാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തിലാണ്, ഇയാളെ ചെറുതുരുത്തിക്ക് സമീപം ആള്‍ത്താമസമില്ലാത്ത വീട്ടില്‍ തടവില്‍ പാര്‍പ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന 5 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അക്രമിസംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരാണ് ഇപ്പോള്‍ പിടിയിലായത്. സ്വകാര്യ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളായ ഇവര്‍ മുമ്പ് അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഹോസ്റ്റലില്‍ നിന്നു പുറത്താക്കിയതിനെ തുടര്‍ന്ന് കോളജിന് സമീപം വീട് വാടകയ്ക്ക് എടുത്താണ് ഇപ്പോള്‍ താമസിക്കുന്നത്.കേസില്‍ നേരത്തെ അഞ്ച് പ്രതികള്‍ അറസ്റ്റിലായിരുന്നു. പ്രധാന പ്രതികളായ ചാവക്കാട് സ്വദേശിയും തൃശൂര്‍ സ്വദേശിനിയും ഒളിവിലാണ്.