വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്തു

ദുരൂഹ സാഹചര്യത്തില്‍ ദുബായില്‍ മരിച്ച മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു. പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്ന് കോഴിക്കോട് തഹസില്‍ദാറുടെ മേല്‍നോട്ടത്തിലാണ് മൃതേദഹം പുറത്തെടുത്തത്. താമരശ്ശേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. ഫോറന്‍സിക് സംഘത്തിന്റെ അഭിപ്രായം അനുസരിച്ചു പോസ്റ്റ്‌മോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം ഇന്ന് തന്നെ നടക്കുമെന്ന് തഹസില്‍ദാര്‍ എ എം പ്രേംലാല്‍ അറിയിച്ചു. എംബാം ചെയ്തതിനാല്‍ മൃതദേഹം കൂടുതല്‍ അഴുകിയിരുന്നില്ല.
തഹസില്‍ദാറുടെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഇന്നു തന്നെ മൃതദേഹം മറവുചെയ്യും.

മാര്‍ച്ച് ഒന്നാം തീയതിയാണ് റിഫ മെഹ്നുവിനെ ദുബായിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടിലെത്തിച്ച മൃതദേഹം മാര്‍ച്ച് മൂന്നിന് രാവിലെ കബറടക്കുകയായിരുന്നു. ദുബായില്‍വെച്ച് റിഫയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവും സുഹൃത്തുക്കളും കബളിപ്പിച്ചതായി കുടുംബം ആരോപിച്ചിരുന്നു. ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങള്‍ ഒന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. മരിക്കുന്നതിന് മുമ്പ് റിഫ വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. കുടുംബത്തിന്റെ പരാതിയില്‍ വ്ളോഗറും ഭര്‍ത്താവുമായ കാസര്‍കോട് സ്വദേശി മെഹ്നാസിനെതിരെ കാക്കൂര്‍ പോലീസ് കേസെടുത്തിരുന്നു.കാസര്‍കോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്. 3 വര്‍ഷം മുന്‍പായിരുന്നു റിഫയും മെഹ്നാസും വിവാഹിതരായത്. ഇവര്‍ക്ക് 2 വയസ്സുള്ള മകനുണ്ട്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു റിഫ മെഹ്നു പര്‍ദ കമ്പനിയില്‍ ജോലിക്കായി ദുബായിലെത്തിയത്.