വധഗൂഢാലോചന കേസ് ; സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കി

മേയ് മുപ്പതിനകം അന്വേഷണം അവസാനിപ്പിക്കണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വധ ഗൂഢാലോചന കേസിന്റെ അന്വേഷണ നടപടികള്‍ വേഗത്തിലാക്കി ക്രൈംബ്രാഞ്ച്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധ ഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കി. സായ്ശങ്കറിനെ മാപ്പുസാക്ഷിയാക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോടതി നോട്ടീസ് പ്രകാരം എറണാകുളം സിജെഎം കോടതിയില്‍ ഇന്ന് 3 മണിയോടെയാണ് സായ് ശങ്കര്‍ ഹാജരായത്. കോടതി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്നും കേസില്‍ താന്‍ നീ മാപ്പ് സാക്ഷിയാണെന്നും സായി ശങ്കര്‍ പറഞ്ഞു. സായി ശങ്കറിനെ മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയിരുന്നു.

സൈബര്‍ വിദഗ്ധന്‍ സായി ശങ്കര്‍ ഇന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകും. സായി ശങ്കറിനെ മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെയും കേസിലെ മറ്റുപ്രതികളുടെയും മൊബൈല്‍ഡാറ്റകള്‍ മായ്ക്കുവാന്‍ സഹായിച്ചത് സായ് ശങ്കറാണ്. നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. സിനിമാ മേഖലയില്‍ നിന്നടക്കമുളളവര്‍ക്ക് വരും ദിവസങ്ങളില്‍ നോട്ടീസ് നല്‍കും. തന്നെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ദിലീപിന് എതിരെ തെളിവുകളുള്ള തന്റെ ലാപ്‌ടോപ്പ് രാമന്‍പിള്ള അസോസിയേറ്റ്‌സ് പിടിച്ചു വെച്ചിരിക്കുകയാണെന്നുമാണ് സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി.