കെജ്രിവാളിനെതിരായ ട്വീറ്റില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് തജീന്ദര്‍ ബഗ്ഗ

ഭീകരനോടെന്ന പോലെയാണ് തന്നോട് പഞ്ചാബ് പൊലീസ് പെരുമാറിയതെന്ന് ബിജെപി നേതാവ് തജീന്ദര്‍ ബഗ്ഗ. നിയമവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതതെന്നും കെജ്രിവാളിനെതിരായ ട്വീറ്റില്‍ ഉറച്ചുനില്‍ക്കുന്നതായി ബഗ്ഗ പറഞ്ഞു. സെര്‍ച്ച് വാറന്റ് പുറപ്പെടുവിച്ചിരുന്ന സാഹചര്യത്തില്‍ ഇന്നലെ അര്‍ധരാത്രിയില്‍ തന്നെ തജ്ജീന്ദര്‍ ബഗ്ഗയെ ദില്ലി പൊലീസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയിരുന്നു. പിന്നീട് വീട്ടിലുമെത്തിച്ചു. കേസെടുത്ത് തന്നെ ഭയപ്പെടുത്താന്‍ കെജ്രിവാളിന് ആകില്ലെന്നും അറസ്റ്റ് നിയമവിരുദ്ധമായിരുന്നുവെനും ട്വീറ്റില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും തജീന്ദര്‍ ബഗ്ഗ പറഞ്ഞു.

കേസ് പരിഗണിച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതി വാദം കേട്ട ശേഷം കേസ് മാറ്റി വെച്ചു. ഈ മാസം പത്തിലേക്കാണ് കേസ് മാറ്റിയത്. കോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ ദില്ലി പോലീസും ഹരിയാനയും കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ദില്ലിയില്‍ കോര്‍പ്പറേഷന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ തജീന്ദര്‍ ബഗ്ഗയുടെ അറസ്റ്റ് ആംആദ്മി സര്‍ക്കാരിനെതിരെ ശക്തമായി ഉയര്‍ത്താനാണ് ബിജെപി നീക്കും. ബിജെപി സിക്ക് വിഭാഗം നേതാക്കളുടെ പ്രതിഷേധം കെജ്രിവാളിന്റെ വസതിക്ക് മുന്‍പില്‍ സംഘടിപ്പക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്.

അതേസമയം കെജ്രിവാളിനെ ട്വിറ്ററിലൂടെ അടക്കം ഭീഷണിപ്പെടുത്തിയ കേസില്‍ തജീന്ദര്‍ ബഗ്ഗയെ അറസ്റ്റ് ചെയ്തത് നിയമ പ്രകാരമെന്നാവര്‍ത്തിച്ച് പഞ്ചാബ് പൊലീസ്. ബഗ്ഗക്ക് പലകുറി നോട്ടീസ് നല്‍കിയിരുന്നുവെന്നും നിര്‍ദ്ദേശം ആവര്‍ത്തിച്ച് ലംഘിച്ചാല്‍ അറസ്റ്റുണ്ടാകുമെന്നും അറിയിച്ചിരുന്നതായും പഞ്ചാബ് പൊലീസ് അറിയിച്ചു. ബഗ്ഗയുടെ അറസ്റ്റ് നടപടികള്‍ ചിത്രീകരിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ പഞ്ചാബ് പൊലീസ്, പ്രതിയെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച ദില്ലി പൊലീസിന്റെ നടപടിയിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി.