പ്രണയം നിരസിച്ച യുവതിയോടുള്ള ദേഷ്യത്തിന് കെട്ടിടത്തിന് യുവാവ് തീയിട്ടു ; 7 പേര്‍ വെന്തു മരിച്ചു

പ്രണയം നിരസിച്ച യുവതിയോടുള്ള ദേഷ്യത്തിന് യുവാവ് കാട്ടിയ പരാക്രമത്തില്‍ വെന്തു മരിച്ചത് ഏഴ് പേര്‍. ഇന്‍ഡോറിലാണ് സംഭവം. ശുഭം ദീക്ഷിത് (27) എന്നയാളാണ് കെട്ടിടത്തിന് തീയിട്ടതെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തീപിടിച്ച കെട്ടിടത്തിലെ ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവാവ്. ഇതേ കെട്ടിടത്തില്‍ താമസിച്ചിരുന്ന യുവതിയോട് ഇയാള്‍ക്ക് പ്രണയമുണ്ടായിരുന്നു. പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും യുവതി നിരസിച്ചു. കൂടാതെ അധികം വൈകാതെ മറ്റൊരാളുമായി വിവാഹം നിശ്ചയിക്കുകയും ചെയ്തിരുന്നു.

ഇതോടെ യുവതിയോട് പക തീര്‍ക്കാന്‍ അവരുടെ സ്‌കൂട്ടറിന് യുവാവ് തീയിടുകയായിരുന്നു. ശനിയാഴ്ച്ചയാണ് സംഭവം. പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന സ്‌കൂട്ടറില്‍ നിന്ന് കെട്ടിടത്തിലേക്ക് തീപടരുകയായിരുന്നു. തീപിടുത്തില്‍ യുവതിക്ക് പൊള്ളലേറ്റു. കെട്ടിടത്തിലെ ഏഴ് പേരാണ് തീപിടുത്തത്തില്‍ കൊല്ലപ്പെട്ടത്. ഒമ്പത് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കെട്ടിടത്തിന് തീപിടിച്ചതിനു പിന്നാലെ യുവാവ് രക്ഷപ്പെട്ടു. ശനിയാഴ്ച്ച രാത്രിയാണ് ഇന്‍ഡോര്‍ പൊലീസ് ഇയാളെ പിടികൂടുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കുറ്റവാളിയെ പൊലീസ് തിരിച്ചറിഞ്ഞത്. ഇയാള്‍ സ്‌കൂട്ടറിന് തീയിടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

തീപിടുത്തത്തില്‍ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പ്രധാന വാതിലും മുകളിലേക്കുള്ള പടികളും തീയും പുകയും കൊണ്ട് നിറഞ്ഞു. മൂന്നാം നിലയില്‍ നിന്നും ടെറസിലേക്ക് പോകുന്ന വാതിലിന്റെ ഭാഗത്തും കൊടും ചൂടാണ് അനുഭവപ്പെട്ടത്. ഇതാണ് കെട്ടിടത്തിന് അകത്ത് കൂടുതല്‍ പേരും പുറത്തു കടക്കാനാകാതെ കുടുങ്ങാന്‍ കാരണം. ഫ്‌ലാറ്റുകളിലെ ബാല്‍ക്കണിയിലേക്ക് ഓടി രക്ഷപ്പെട്ടാണ് പലരും തീയില്‍ നിന്ന് രക്ഷപ്പെട്ടത്. പുലര്‍ച്ചെ മൂന്നിനും നാലിനുമിടയിലാണ് ഇരുനില കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ എത്തിയ യുവാവ് സ്‌കൂട്ടറിന് തീയിട്ടത്. മൂന്ന് മണിക്കൂര്‍ എടുത്താണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീയണച്ചത്.