സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസ് ; ഒന്നാം പ്രതി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം വെഞ്ഞാറമൂടില്‍ സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ യുവാവ് ആത്മഹത്യ ചെയ്തു. മുതുവിള അരുവിപ്പുറത്ത് സുഹൃത്തിന്റെ വീട്ടിലെ കിണറ്റില്‍ ചാടിയാണ് വെഞ്ഞാറമൂട് സ്വദേശി സുബിന്‍ [35] മരിച്ചത്. മൂന്ന് ദിവസമായി സുജിത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു സുബിന്‍. കേസുമായി ബന്ധപ്പെട്ട് മനോവിഷമമാണ് ആത്മഹത്യ കാരണം എന്ന് ബന്ധു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ രണ്ടിന് രാത്രിയാണ് കേസിനാസ്പമായ സംഭവം നടന്നത്.
ഗോകുലം മെഡിക്കല്‍ കോളേജില്‍ നിന്നും ജോലി കഴിഞ്ഞിറങ്ങിയ നഴ്‌സായ യുവതിയെയും അവരെ കുട്ടിക്കൊണ്ടുപോകാനെത്തിയ ഭര്‍ത്താവിനേയും സദാചാര പോലീസ് ചമഞ്ഞെത്തി സംഘം മര്‍ദ്ദിച്ച കേസില്‍ ഒന്നാം പ്രതിയായിരുന്നു സുബിന്‍. ആശുപത്രിക്ക് മുന്നില്‍ വച്ച് ഇരുചക്രവാഹനത്തിലായിരുന്ന ദമ്പതികളെ തടഞ്ഞുതിര്‍ത്തി ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് ആളുകള്‍ കൂടിയതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ദമ്പതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരികയായിരുന്നു.