മലപ്പുറത്തും ഷിഗേല്ലാ വൈറസ് ബാധ
മലപ്പുറത്തും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയിരിപ്പ് പഞ്ചായത്തില്‍ രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നേരത്തെ കാസര്‍ഗോഡ് ഷവര്‍മയില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയേറ്റ് മരിച്ച വിദ്യാര്‍ത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് ഇന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന നടന്നതില്‍ തിരുവന്തപുരം മെഡിക്കല്‍ കോളജിന് സമീപത്തെ ആസാദ് ഹോട്ടലില്‍ പഴകിയ ഇറച്ചി പിടികൂടി. സ്ഥാപനത്തിന് ഭക്ഷ്യ സുരക്ഷ വിഭാഗം നോട്ടിസ് നല്കി. കാസര്‍ഗോഡ് നഗരത്തില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ പാകം ചെയ്തതിനെ തുടര്‍ന്ന് എം.ജി റോഡിലെ കൊഞ്ചി ഷവര്‍മ സെന്റര്‍ പരിശോധനാ സംഘം അടപ്പിച്ചു.
കോഴിക്കോട് തീക്കുനിയില്‍ പതിനഞ്ച് കിലോ അഴുകിയ മത്സ്യവും പരിശോധനയില്‍ പിടികൂടി. ആലപ്പുഴ പുന്നപ്രയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 572 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു . ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 10 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 65 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 18 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 7 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1704 പരിശോധനകളാണ് നടത്തിയത്.
ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 152 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 531 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 180 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 129 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഓപ്പറേഷന് മത്സ്യയുടെ ഭാഗമായി ഇതുവരെ 6069 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4026 പരിശോധനകളില്‍ 2048 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്ക്കരിച്ച ഓപ്പറേഷന് ജാഗറിയുടെ ഭാഗമായി 481 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 134 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി പറഞ്ഞു.