തൃശൂര്‍ പൂരം കുടമാറ്റത്തിനായി തയ്യാറാക്കിയ കുടയില്‍ വിവാദമായി സവര്‍കറുടെ ചിത്രം

തൃശ്ശൂര്‍ പൂരത്തിനായി പുറത്തിറക്കിയ ആസാദി കുടയെ ചൊല്ലി വിവാദം. കുടമാറ്റത്തിനായി പുറത്തിറക്കിയ കുടയില്‍ വി.ഡി.സവര്‍കറുടെ ചിത്രം ഇടം നേടിയതാണ് വിവാദത്തിന് ആധാരം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെയും രാജ്യത്തെ നവോത്ഥാന നായകരുടെയും ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍കറുടെ ചിത്രവും ഇടം പിടിച്ചിരിക്കുന്നത്. പാറമേക്കാവ് വിഭാഗത്തിന്റെയാണ് കുട. ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത സുരേഷ് ഗോപിയാണ് ആസാദി കുട പുറത്തിറക്കിയത്. കുടയുടെ ചിത്രം പുറത്തു വന്നതിനു പിന്നാലെ വിവാദവും കൊഴുത്തു. യൂത്ത് കോണ്‍ഗ്രസ്, എഐഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലും ഇത് ഏറ്റുപിടിച്ച് ആളുകള്‍ രംഗത്തെത്തി.

അതേസമയം ആസാദി ക അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട നേതാക്കളുടെ ചിത്രങ്ങളാണ് കുടയിലെന്നാണ് പാറമേക്കാവിന്റെ വിശദീകരണം. വിവാദം ശക്തമായതിന് പിന്നാലെ ചമയപ്രദര്‍ശനത്തില്‍ നിന്ന് ഈ കുട ഒഴിവാക്കി. എങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ ചേരി തിരിഞ്ഞ് വാഗ്വാദം തുടരുകയാണ്. സവര്‍കറെ ഒറ്റുകാരനെന്ന് വിശേഷിപ്പിച്ച് ഒരു വിഭാഗവും വീരപുരുഷന്‍ എന്ന് വിശേഷിപ്പിച്ച് മറുവിഭാഗവും രംഗത്തുണ്ട്. സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പം സവര്‍കറുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെ ലജ്ജാകരം എന്നാണ് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ വിശേഷിപ്പിച്ചത്.തൃശ്ശൂര്‍ പൂരത്തിന്റെ കുടമാറ്റത്തിലൂടെ സംഘപരിവാര്‍ അജണ്ട തുടങ്ങിവയ്ക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് പ്രമോദ് ചൂരങ്ങാട് ആരോപിച്ചു.