വിദ്യാര്‍ഥിനിയെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ സമസ്ത നേതാവിനെ പിന്തുണ

സമ്മാനം നല്‍കാന്‍ പെണ്‍കുട്ടിയെ വേദിയിലേക്ക് വിളിച്ചതിന് സംഘാടകരെ അധിക്ഷേപിച്ച എം ടി അബ്ദുല്ല മുസ്ല്യാരെ തള്ളിയും തലോയിടും എംഎസ്എഫ് പ്രസിഡന്റ് പി കെ നവാസ്. സമസ്ത നേതാവിനെതിരെ ഇപ്പോള്‍ നടക്കുന്ന ആക്രമണം നിഷ്‌കളങ്കമല്ലെന്നും എം.ടി ഉസ്താദിനെ വികലമായി അവതരിപ്പിക്കാനാണ് ഇപ്പോള്‍ ചിലര്‍ ശ്രമിക്കുന്നതെന്നും പി.കെ നവാസ് ഫേസ്ബുക്കില്‍ കുറിക്കുന്നു. അതേ ആര്‍ക്കെങ്കിലും തെറ്റുപറ്റിയാല്‍ പണ്ഡിത നേതൃത്വം അത് തിരുത്തുമെന്നും നവാസ് വ്യക്തമാക്കുന്നുണ്ട്. എം.ടി അബ്ദുല്ല മുസ്ല്യാര്‍ക്ക് എതിരായ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത് ഇസ്ലാമോഫോബിയ പരത്തുന്ന ചില സംഘടനകളാണെന്നും നവാസ് കുറ്റപ്പെടുത്തി. മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഉന്നത മേഖലയിലെത്തിയിട്ടുണ്ടെന്നും ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയില്‍ വരെ അവരുണ്ടെന്നും നവാസ് വ്യക്തമാക്കുന്നു. സമുദായ നേതാക്കള്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയെടുത്ത വിജ്ഞാന കേന്ദ്രങ്ങളില്‍ നിന്നാണ് ഇവര്‍ പഠിച്ചു വളര്‍ന്നത്. മതവിരോധികളും അരാജക വാദികളും നടത്തിയ വിപ്ലവം കൊണ്ടല്ല മുസ്ലിം പെണ്‍കുട്ടികള്‍ ഈ നവോത്ഥാനം നേടിയതെന്നും നവാസ് പറയുന്നു.

സമസ്ത വൈസ് പ്രസിഡന്റിന്റെ നടപടിയെ വിമര്‍ശിച്ച ലീഗ് വനിതാ നേതാവ് ഫാത്തിമ തെഹ്ലിയെയും നവാസ് തിരുത്തി. സാമൂഹിക മാധ്യമത്തിലും, ചാനല്‍ മുറികളിലും കയറി നേതാക്കള്‍ക്കും, പണ്ഡിതന്മാര്‍ക്കും സറ്റഡീ ക്ലാസെടുക്കുന്നവരെ തിരിച്ചറിയാന്‍ സമൂഹത്തിന് പക്വതയുണ്ടന്നും നവാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു സമസ്തര നേതാവിന്റെ അധിക്ഷേപം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചു. ഇതോടെ വേദിയിലുണ്ടായിരുന്ന സമസ്ത വൈസ് പ്രസിഡണ്ട് എം.ടി അബ്ദുല്ല മുസ്ല്യാര്‍ സംഘാടകര്‍ക്ക് നേരെ തിരിഞ്ഞു. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ആരാണ് സ്റ്റേജിലേക്ക് ക്ഷണിച്ചതെന്ന് ചോദിച്ചായിരുന്നു രോഷപ്രകടനം. പെണ്‍കുട്ടിക്ക് പകരം രക്ഷിതാവിനോട് വരാന്‍ പറയാനും ആവശ്യപ്പെടുന്നുണ്ട്.