‘പി സി ജോര്‍ജ് പ്രഥമദൃഷ്ടാ ജാമ്യവ്യവസ്ഥ ലംഘിച്ചു’; എന്ന് പോലീസ് കമ്മീഷണര്‍

പി സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. വെണ്ണലയില്‍ പി സി ജോര്‍ജ് നടത്തിയ പ്രസംഗം പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വെണ്ണലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കൊച്ചി സിറ്റി പൊലീസിസ് പി സി ജോര്‍ജിന്റെ പേരില്‍ കേസെടുത്തത്. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിനെതിരായ കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ സംഭവം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയില്‍ ഞായറാഴ്ച്ച വൈകുന്നേരമാണ് പി സി ജോര്‍ജ് വിദ്വേഷപ്രസംഗം നടത്തിയത്. വിവാദ ഇടനിലക്കാരന്‍ നന്ദകുമാര്‍ ഭാരവാഹിയായ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ സമാപനത്തിലാണ് മുസ്ലീം മതവിഭാഗത്തെ അധിക്ഷേപിച്ച് പി സി ജോര്‍ജ് വീണ്ടും രംഗത്തെത്തിയത്.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഐപി സി 153 എ, 295 എ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാക്കുറ്റം ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്തത്. സമുദായ സ്പര്‍ഥയുണ്ടാക്കല്‍, മനപ്പൂര്‍വമായി മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിത്. ആരാധനാകേന്ദ്രത്തില്‍ വെച്ചാണ് കുറ്റകൃത്യമെങ്കില്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ കിട്ടാം. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ സമാന സ്വഭാവമുളള വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് പി സി ജോര്‍ജിനെ കഴിഞ്ഞയാഴ്ച്ച അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. സമാനകുറ്റം ആവര്‍ത്തിച്ച സാഹചര്യത്തില്‍ ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്.