ഷിഗല്ല, ഡെങ്കി, സിക്ക, നിപ്പ , എലിപ്പനി പകര്‍ച്ചവ്യാധികളുടെ പിടിയില്‍ കേരളം

മുന്‍കാലങ്ങളില്‍ ഇല്ലാത്ത തരത്തിലാണ് കേരളത്തില്‍ പകര്‍ച്ച വ്യാധികള്‍ പടരുന്നത്. ആരോഗ്യ രംഗത്തു ഒന്നാമന്‍ എന്ന് സര്‍ക്കാര്‍ വീമ്പിളക്കുന്നുണ്ട് എങ്കിലും മറ്റെങ്ങും ഇല്ലാത്ത തരത്തില്‍ ആണ് ഇപ്പോള്‍ സംസ്ഥാനത്തിന്റെ ആരോഗ്യ രംഗത്തിന്റെ അവസ്ഥ. ഷിഗല്ല, ഡെങ്കി, സിക്ക, നിപ്പ , എലിപ്പനി എന്നിവ ഒന്നിന് പിറകെ ഒന്നായി പല ജില്ലകളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ് ഇപ്പോള്‍. എലിപ്പനി മരണം 14 ആയി ഉയര്‍ന്നു. ഇന്ന് പുതുതായി മൂന്ന് കേസുകള്‍ കൂടി എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. നേരത്തെ മരിച്ചയാളില്‍ എലിപ്പനി സ്ഥിരീകരിച്ചതോടെയാണ് ഇത്. അതേസമയം എലിപ്പനിയുള്‍പ്പടെ പകര്‍ച്ച വ്യാധികള്‍ നേരിടാന്‍ മുഴുവന്‍ ജില്ലകളിലും നടപടി ശക്തമാക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി.

എലിപ്പനി പടരുന്ന ഒന്‍പത് ജില്ലകളില്‍ ഹോട്‌സ്‌പോട്ടുകള്‍ നിശ്ചയിച്ച് പ്രതിരോധ പ്രവര്‍ത്തനം നടത്താനാണ് ഉന്നതതല യോഗത്തിലെ നിര്‍ദേശം. ഷിഗല്ല, ഡെങ്കി, സിക്ക, നിപ്പ എന്നിവക്കെതിരെയും ജാഗ്രതാ നിര്‍ദേശമുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിട്ടും മുന്നേറാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, മലപ്പുറം, കോട്ടയം, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് എലിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, കാസര്‍കോട്, തൃശൂര്‍ ജില്ലകളില്‍ ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നാണ് ഉന്നതലയോഗത്തിലെ നിര്‍ദേശം. ഹോട്‌സ്‌പോട്ടുകള്‍ നിശ്ചയിച്ചാകണം പ്രവര്‍ത്തനം. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത്. സംസ്ഥാനത്ത് ഇതിനോടകം എലിപ്പനിയെന്ന് സംശയിക്കുന്ന മരണങ്ങള്‍ 55 ആണ്. നാല് മാസത്തിനിടെ 492 പേരിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ കോഴിക്കോട് കുന്ദമംഗലത്ത് ഒരാള്‍ക്ക് മലേറിയയും സ്ഥീരികരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 450 കടന്നു. നാല് പേര്‍ മരിച്ചു. ഇതുവരെ മലേറിയ 72 പേര്‍ക്കാണ് ബാധിച്ചത്. സംസ്ഥാനത്ത് പേവിഷ ബാധയേറ്റ അഞ്ച് പേരും മരിച്ചുവെന്ന കണക്കും ആശങ്കയുണ്ടാക്കുന്നു. വൃത്തിഹീനമായ സാഹചര്യമാണ് സംസ്ഥാനത്തു പല മേഖലകളിലും ഇതും പകര്‍ച്ച വ്യാധി പടരാന്‍ കാരണമാകുന്നു.