കനത്ത മഴ തുടരുന്നു ; തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു
കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ പൂരം വെട്ടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. വെടിക്കെട്ട് ഞായറാഴ്ച നടത്താന്‍ തീരുമാനമായി. ഇന്നലെ മെയ് 10ന് രാത്രി നടത്താന്‍ തീരുമാനിച്ചിരുന്ന വെടിക്കെട്ട് മഴ തുടര്‍ന്ന് ഇന്ന് മെയ് 11ന് വൈകിട്ടത്തേക്ക് മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ ആന്ധ്ര തീരങ്ങളില്‍ ഭീഷിണി ഉയര്‍ത്തുന്ന അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കേരളത്തിലെ കനത്ത മഴയ്ക്ക് ഇന്നും ശമനമില്ലാത്തതിനെ തുടര്‍ന്നാണ് വെടിക്കെട്ട് വീണ്ടും മാറ്റാന്‍ തീരുമാനമായത്. ഇന്നലെ വെടിക്കെട്ടിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നെങ്കിലും കുടമാറ്റത്തിന് ശേഷം കനത്ത മഴ ആരംഭിച്ചു. ഇതേ തുടര്‍ന്നാണ് വെടിക്കെട്ട് ഇന്നത്തേക്ക് മാറ്റിവച്ചത്. എന്നാല്‍ ഇന്നും മഴ വീണ്ടും വെടിക്കെട്ട് മുടക്കിയതോടെ മെയ് 15 ഞായറാഴ്ച നടത്താന്‍ തീരുമാനിച്ചു.
അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് ഇന്നും മഴ ശക്തമാണ് . ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും കൂടുതല്‍ മഴ കിട്ടും. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. മണിക്കൂറില്‍ അമ്പത് കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. അസാനി ചുഴലിക്കാറ്റ് ആന്ധ്ര തീരത്തിന് അടുത്തെത്തി. ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് വിശാഖപട്ടണം തുറമുഖം തല്‍ക്കാലത്തേക്ക് അടച്ചിട്ടു. നിരവധി വിമാന സര്‍വ്വീസുകളും ട്രെയിനുകളും റദ്ദാക്കി.
രാത്രിയോടെ തീവ്രത കുറഞ്ഞ് അസാനി ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കും. അതീതീവ്ര ചുഴലിക്കാറ്റില്‍ നിന്ന് തീവ്ര ചുഴലിക്കാറ്റായതോടെ അസാനിയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. മച്ച്‌ലി തീരത്തിനടുത്ത് എത്തുന്നതോടെ മണിക്കൂറില്‍ 95 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്ര ഒഡീഷ തീരങ്ങളില്‍ ഇന്ന് ഉച്ച മുതല്‍ തുടങ്ങിയ മഴ കൂടുതല്‍ ശക്തമായി. മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. റാണിപേട്ട് നദിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേരെ കാണാതായി. ഗന്‍ജം തുറമുഖത്തോട് ചേര്‍ന്ന് 11 മത്സ്യതൊഴിലാളികളുണ്ടായിരുന്ന വള്ളം മറിഞ്ഞു. 7 പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷിച്ചു. കാണാതായ പോയ 4 മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.