ഇത്തവണ കാലവര്‍ഷം നേരത്തെ ; സംസ്ഥാനത്ത് മഴ കനക്കും
കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തെയാകും എന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും കാലവര്‍ഷം എത്തിച്ചേരും. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 27ന് കാലവര്‍ഷം കേരളത്തില്‍ തുടങ്ങുമെന്ന നിഗമനം. കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ കനക്കും. ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കി. ഇത് പ്രകാരം 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും.
കാലവര്‍ഷം കടന്നുവരുന്നതിന് മുന്നോടിയായി പടിഞ്ഞാറന്‍ കാറ്റിന്റെ ഗതി മാറുന്നതും അറബിക്കടലില്‍ നിന്നും മേഘങ്ങള്‍ കേരളത്തിന് മുകളിലേക്ക് എത്തുന്നതും ശക്തമായ മഴയ്ക്ക് വഴിയൊരുക്കും. നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിന്റെ തീരദേശപാതിയിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വെള്ളക്കെട്ടിനെയും മണ്ണിടിച്ചിലിനെയും കരുതണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 50 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. തിങ്കളാഴ്ചയ്ക്ക് ശേഷം മഴ കുറഞ്ഞേക്കും.