പോക്‌സോ കേസില്‍ അറസ്റ്റിലായ മലപ്പുറത്തെ സിപിഎം മുന്‍ നഗരസഭാ കൗണ്‍സിലര്‍ കെ വി ശശികുമാര്‍ റിമാന്‍ഡില്‍

പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപകനും സിപിഎം മുന്‍ നഗരസഭാ അംഗവുമായിരുന്ന കെ വി ശശികുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ രണ്ടാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആണ് ശശികുമാറിനെ റിമാന്‍ഡ് ചെയ്തത്. എട്ടാം തീയതി മുതല്‍ വയനാട്ടില്‍ ഒളിവില്‍ ആയിരുന്ന ശശികുമാര്‍ ഇന്നലെ ആണ് പൊലീസ് പിടിയിലായത്. ഇന്ന് വൈദ്യ പരിശോധനകള്‍ക്ക് ശേഷം ശശികുമാറിനെ പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. നിലവില്‍ ഒരു പരാതി മാത്രമാണ് പൊലീസിന് മുന്‍പില്‍ എത്തിയിട്ടുള്ളത്. അതില്‍ ആണ് മൊഴി രേഖപ്പെടുത്തി പോക്‌സോ ചുമത്തിയിട്ടുള്ളത്. കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അതും അന്വേഷിക്കുമെന്ന് മലപ്പുറം സി ഐ ജോബി തോമസ് പറഞ്ഞു.

ഈ മാസം ഏഴാം തീയതിയാണ് പൊലീസ് കെ വി ശശി കുമാറിനെതിരെ പോക്‌സോ കേസ് ചുമത്തിയത്. അതിന് പിന്നാലെയാണ് ശശികുമാര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വയനാട്ടിലേക്ക് കടന്നത്. മുത്തങ്ങ അതിര്‍ത്തിയിലെ ഒരു ഹോം സ്റ്റേയില്‍ നിന്നാണ് മലപ്പുറം സിഐ യുടെ നേതൃത്വത്തില്‍ ഉള്ള സംഘം പ്രതിയെ പിടികൂടിയത്. 30 വര്‍ഷത്തെ സര്‍വീസില്‍ ഒട്ടനേകം കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു എന്ന അതീവ ഗുരുതരമായ ആരോപണമാണ് അധ്യാപകന്‍ ആയിരുന്ന ശശികുമാറിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ശശികുമാര്‍ വിരമിച്ച ദിവസം സാമൂഹ്യ മാധ്യമത്തില്‍ ഇട്ട പോസ്റ്റിനു കീഴില്‍ ആണ് ആദ്യം മീ ടൂ ആരോപണം വന്നത്. കഴിഞ്ഞ ദിവസം സ്‌കൂളിലെ മുന്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മ അധ്യാപകന് എതിരെ പരസ്യമായി രംഗത്ത് വന്നു. കുട്ടികളുടെ പരാതി കാര്യമായി എടുക്കാതെ സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപകനെ സംരക്ഷിച്ചു എന്ന പരാതിയാണ് മുന്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മ ഉന്നയിച്ചത്.

2019 ല്‍ പോലും കൊടുത്ത പരാതിയും എത്തിക്‌സ് കമ്മിറ്റി വരെയെത്തിയ പരാതികളും ഉണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണ്. വിദ്യാര്‍ത്ഥിനികളില്‍ പലര്‍ക്കും ആ പ്രായത്തില്‍ പ്രതികരിക്കാന്‍ ആവാതെ പലപ്പോഴും അധ്യാപകന്റെ അതിക്രമങ്ങള്‍ നിശബ്ദമായി സഹിക്കേണ്ടി വന്നിട്ടുണ്ട്. സമൂഹത്തില്‍ സ്‌കൂളിനുള്ള പേരും വിലയും ഇടിയുമെന്നും സ്‌കൂളിന് അപമാനം ഉണ്ടാകും എന്നും ഭയന്നാണ് അധികാരികള്‍ പെണ്‍കുട്ടികളെ സംരക്ഷിക്കാതെ ശശികുമാറിനെതിരെ നടപടികള്‍ സ്വീകരിക്കാതിരുന്നത്. മാത്രവുമല്ല ശശികുമാര്‍ പലവിധത്തിലും സമൂഹത്തിലും മറ്റു ഉയര്‍ന്ന തലങ്ങളിലും വളരെയധികം സ്വാധീനമുള്ള ആളുമാണ്. പരാതി പറഞ്ഞാല്‍ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കൂട്ടായ്മ മലപ്പുറം ഡിപിഒക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ശശികുമാറിനെ സംരക്ഷിക്കില്ല എന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്.