മുതിര്‍ന്ന പെണ്‍കുട്ടികളെ പൊതുവേദിയില്‍ കയറ്റുന്നത് ശരിയല്ല ; പെണ്‍വിലക്കിനെ ന്യായീകരിച്ച് സമസ്ത

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വേദിയില്‍ അപമാനിച്ച സംഭവത്തെ ന്യായീകരിച്ച് സമസ്ത. പെണ്‍കുട്ടിയെ അപമാനിച്ചെന്ന വാദം തെറ്റാണ്, പെണ്‍കുട്ടി വരുന്നതിന് മുമ്പ് എം.ടി അബ്ദുല്ല മുസ്ല്യാര്‍ തടഞ്ഞില്ല അങ്ങിനെയല്ലായിരുന്നെങ്കില്‍ അപമാനിച്ചെന്ന് പറയാം. വേദിയില്‍ വരുന്നതിന് പെണ്‍കുട്ടിയുടെ മുഖത്ത് ലജ്ജ ഉണ്ടായിരുന്നു അതുകൊണ്ടാണ് അത്തരമൊരു പ്രതികരണം അദ്ദേഹം നടത്തിയതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ന്യായീകരിച്ചു. പെണ്‍കുട്ടികള്‍ പൊതുവേദിയില്‍ വരുന്നതിനു സമസ്തയ്ക്ക് ചില മാനദണ്ഡങ്ങള്‍ ഉണ്ട്, അതിന്റെ അതിര്‍ വരമ്പിന് അകത്ത് നിന്നെ പ്രവര്‍ത്തിക്കാന്‍ പറ്റൂവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.എം.ടി.അബ്ദുല്ല മുസ്ല്യാര്‍ ഒരു പെണ്‍കുട്ടിയെയും അപമാനിച്ചിട്ടില്ല, സംഭവത്തില്‍ പെണ്‍കുട്ടിക്കോ ബന്ധുക്കള്‍ക്കോ പരാതിയില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

പെണ്‍കുട്ടിക്ക് സ്റ്റേജില്‍ കയറാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ടായിരുന്നു. അതുകണ്ടപ്പോഴാണ് ഇങ്ങനെയുള്ളവരെ സ്റ്റേജിലേക്ക് കയറ്റേണ്ടെന്ന് പറഞ്ഞത്. കുട്ടിയുടെ മുഖത്ത് നോക്കിയപ്പോള്‍ അദ്ദേഹത്തിന് അത് മനസിലായി, ഈ കുട്ടിക്ക് ഉസ്താദുമാരൊക്കെ ഇരിക്കുന്ന സദസിലേക്ക് വരുമ്പോള്‍ ഒരു ലജ്ജ ഉണ്ടെന്ന്. സാധാരണ സ്ത്രീകള്‍ക്ക് കുറച്ച് ലജ്ജ ഉണ്ടാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ബാലാവകാശ കമ്മിഷന്‍ കേസ് സ്വാഭാവികമാണ്. അതിനെ അതിന്റെ വഴിക്ക് നേരിടും. ഗവര്‍ണര്‍ക്ക് ഇസ്ലാമിക നിയമങ്ങള്‍ അറിയുമോയെന്ന് അറിയില്ലെന്നും സമസ്ത നേതാക്കള്‍ പറഞ്ഞു. സമസ്ത ആരെയും അപമാനിക്കുന്ന സംഘടനയല്ല, വര്‍ഗീയ ആശയക്കാരെയും തീവ്രമതവാദികളെയും ഞങ്ങള്‍ പിന്തുണക്കാറില്ലെന്നും സമസ്ത മാറണം എന്ന് പുറമെ ഉള്ള ആളുകള്‍ അല്ല പറയേണ്ടതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. സമസ്ത കാലോചിതം ആയി ആണ് പ്രവര്‍ത്തിക്കുന്നത്,സ്ത്രീ വിദ്യാഭ്യാസത്തിന് ഇസ്ലാം എതിരല്ല, മുതിര്‍ന്ന പെണ്‍കുട്ടികളെ പൊതുവേദിയില്‍ കയറ്റുന്നത് ശരിയല്ല, അവരെ ഇസ്ലാമിക ശിക്ഷണത്തില്‍ വളര്‍ത്തിയെടുക്കണമെന്നും നേതാക്കള്‍ പറഞ്ഞു.