തിരുവനന്തപുരം അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി പുത്തന്‍മണ്ണ് ലക്ഷംവീട്ടില്‍ ബാബുവാണ് മരിച്ചത്. ബാബു ഉള്‍പ്പെടെ മൂന്ന് പേരടങ്ങുന്ന സംഘം മത്സ്യബന്ധനത്തിന് പോയ പ്രിന്‍സ് എന്ന വള്ളമാണ് മറിഞ്ഞത്. തിങ്കളാഴ്ച രാവിലെ 5.45നാണ് അപകടം നടന്നത്. വള്ളം ശക്തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. മറ്റ് രണ്ട് പേരും രക്ഷപ്പെട്ടു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്ത് മിന്നല്‍ പ്രളയത്തിന് സാധ്യയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷന്‍ രം?ഗത്തെത്തി. ഈ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മിന്നല്‍ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ് ജല കമ്മീഷന്‍ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പ്.
പത്തനംതിട്ട കല്ലൂപ്പാറയിലെ മണിമലയാറ്റിലെ ജല നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മറ്റ് നദികളിലെ ജലനിരപ്പ് ജാഗ്രതയോടുകൂടി നിരീക്ഷിച്ച് വരികയാണെന്നുമാണ് ജല കമ്മീഷന്‍ അറിയിച്ചത്. അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ഏഴ് ജില്ലകളില്‍ തീവ്ര മഴ സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. പരക്കെ മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്.