കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി ; സര്‍വേ ഇനി ജിപിഎസ് വഴി

കെ റെയില്‍ പ്രതിഷേധത്തെ മറികടക്കാന്‍ നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍. അതിരുകല്ലുകള്‍ ഉപയോഗിക്കുന്നതിന് പകരം സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല്‍ ജി പി എസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. മഞ്ഞ സര്‍വേ കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണം. സില്‍വര്‍ലൈന്‍ പദ്ധതിക്കായി കെ- റെയില്‍ കോര്‍പറേഷന്‍ വിവിധ സ്ഥലങ്ങളില്‍ കല്ലിടുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിര്‍ത്തി നിര്‍ണയത്തിനായി കല്ലിടുന്ന സ്ഥലങ്ങളില്‍ വന്‍തോതില്‍ പ്രതിഷേധവും ചെറുത്തുനില്‍പും ഉയരുന്നതിനാല്‍ ഭൂവുടമകളുടെ സമ്മതത്തോടെ മാത്രം കല്ലിടാം എന്നു കെ- റെയില്‍ മാനേജിങ് ഡയറക്ടര്‍ ഈ മാസം 5ന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി ഔദ്യോഗിക കത്തയച്ചത്.

പദ്ധതിയുടെ അലൈന്‍മെന്റ് നേരത്തെ ലിഡാര്‍ സര്‍വേ ഉപയോഗിച്ചു നിര്‍ണയിച്ചതാണെന്നും അതിനാല്‍ ജിപിഎസ് സംവിധാനം ഉപയോഗിച്ച് അതിര്‍ത്തി നിര്‍ണയിക്കാമെന്നും കെ- റെയില്‍ റവന്യു വകുപ്പിനെ അറിയിച്ചിരുന്നു. ജിയോ ടാഗിങ് സംവിധാനത്തോടെയുള്ള സോഫ്റ്റ്വെയര്‍ അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അതിര്‍ത്തിനിര്‍ണയം നടത്താനും സ്ഥിരം നിര്‍മിതികള്‍ ഇതിനായി ഉപയോഗിക്കരുതെന്നും റവന്യു വകുപ്പ് നിര്‍ദേശിച്ചു. സാമൂഹിക ആഘാത പഠനം നടത്തുന്നവര്‍ സ്ഥലം തിരിച്ചറിയാനും അലൈന്‍മെന്റ് മനസിലാക്കാനും ഡിഫറന്‍ഷ്യല്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (DGPS) സംവിധാനം ഉള്ള സര്‍വേ ഉപകരണങ്ങളോ ജിപിഎസ് സംവിധാനം ഉള്ള മൊബൈല്‍ ഫോണോ ഉപയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ലാന്‍ഡ് റവന്യു കമ്മീഷണര്‍മാര്‍ക്കും ഭൂമി ഏറ്റെടുക്കുന്ന ജില്ലകളിലെ കളക്ടര്‍മാര്‍ക്കും നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. റെയില്‍വേ ബോര്‍ഡില്‍ നിന്ന് അന്തിമ അനുമതി ലഭിക്കുമ്പോള്‍ മാത്രമേ 2013ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക നോട്ടിഫിക്കേഷനും തുടര്‍ന്നു സര്‍വേയും നടക്കുകയുള്ളുവെന്നും റവന്യു വകുപ്പിന്റെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പദ്ധതി ഉപേക്ഷിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ (E P Jayarajan). സര്‍വേ രീതി മാത്രമാണ് മാറിയതെന്ന് ഇ പി ജയരാജന്‍ വിശദീകരിച്ചു. ഏതെങ്കിലും രീതിയില്‍ സര്‍ക്കാര്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല. സര്‍വേ രീതി മാറിയാല്‍ പ്രതിപക്ഷം സഹകരിക്കുമോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല പുതിയ തീരുമാനമെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ റെയില്‍ കല്ലിടല്‍ പ്രതിഷേധത്തെ മറികടക്കാന്‍ നിര്‍ണ്ണായക തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനത്തിന് ഇനി മുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കാന്‍ തീരുമാനം. റവന്യൂ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കല്ലിടലുമായി ബന്ധപ്പെട്ട വന്‍ പ്രതിഷേധങ്ങള്‍ക്കും കടുത്ത രാഷ്ട്രീയ വിവാദങ്ങള്‍ക്കും സമരക്കാരും പൊലീസുമായുള്ള നിരന്തര സംഘര്‍ഷങ്ങള്‍ക്കും പിന്നാലെയാണ് പുതിയ തീരുമാനം. കെ റെയില്‍ പ്രതിഷേധങ്ങളുടെ പ്രാഥമിക വിജയമെന്ന് പ്രതിപക്ഷം പ്രതികരിച്ചപ്പോള്‍, സര്‍വേ രീതി മാത്രമാണ് മാറുന്നതെന്നും സര്‍വേ തുടരുമെന്നും കെ റെയില്‍ വ്യക്തമാക്കി.