നടിയെ ആക്രമിച്ച കേസ് ; ദിലീപിന്റെ സുഹൃത്ത് അറസ്റ്റില്‍ ; പ്രോസിക്യൂഷന് വിചാരണക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും അറസ്റ്റ്. നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത്താണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടര്‍ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സാക്ഷി ശരത്തിനെ തിരിച്ചറിഞ്ഞെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.ദിലീപിന്റെ ബന്ധു സുരാജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖ നേരത്തെ പുറത്ത് വന്നിരുന്നു. കാവ്യ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് സഹോദരി ഭര്‍ത്താവ് സുരാജ് പറയുന്നത്.

വധ ഗൂഡാലോചന കേസിലെ വിഐപി എന്നറിയിപ്പെടുന്ന പ്രതി ശരത്തുമായി നടത്തിയതാണ് ഈ നിര്‍ണ്ണായക സംഭാഷണം. സുരാജിന്റെ ഫോണില്‍ നിന്നും നശിപ്പിച്ച ശബ്ദരേഖ ഫൊറന്‍സിക് പരിശോധനയിലാണ് വീണ്ടെടുത്ത്. നടിയെ ആക്രമിച്ച കേസില്‍ തുരരന്വേഷണത്തിനുള്ള സമയം നീട്ടമമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ് ഈ ശബ്ദരേഖ ഉള്‍പ്പെടെ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ നല്‍കിയത്.അതേസമയം കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ പ്രോസിക്യൂഷന് വിചാരണക്കോടതിയുടെ രൂക്ഷവിമര്‍ശനം. നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിക്കരുത്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു.

പൊതുജനാഭിപ്രായം നോക്കിയല്ല കോടതി പ്രവര്‍ത്തിക്കുന്നത്. തെളിവുകളാണ് പ്രധാനം. ആരോപണങ്ങളോട് വ്യക്തമായി ബന്ധപ്പെട്ട തെളിവുകള്‍ ഉണ്ടാക്കണം.പ്രോസിക്യൂഷന്‍ ക്യത്യമായ തെളിവുകളുമായി വരണം. ഏതെങ്കിലും പ്രതികള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി സാക്ഷികള്‍ വിസ്താരത്തിനിടെ പറഞ്ഞിട്ടുണ്ടോയെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.ഗണേശ് കുമാറിന്റെ സെക്രട്ടറിയായ പ്രദീപ് കോട്ടാത്താല സാക്ഷിയായ വിപിന്‍ ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ദിലീപിന്റെ സ്വാധീനത്തിലാണെന്ന് എങ്ങനെ സ്ഥാപിക്കാന്‍ കഴിയും. അതിന് പറ്റിയ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രദീപ് കോട്ടാത്തല വിപിന്‍ ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ പ്രയോജനം ദിലീപിനാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയിലെ വാദങ്ങള്‍ ബോധ്യപ്പെടുത്തേണ്ട ബാധ്യത പ്രോസിക്യൂഷനുണ്ടെന്ന് കോടതി പറഞ്ഞു. ചോദ്യങ്ങളോടും സംശയങ്ങളോടും പ്രോസിക്യൂഷന്‍ എന്തിനാണ് അസ്വസ്ഥപ്പെടുന്നത്. മുമ്പ് പരിശോധിച്ച ആരോപണങ്ങള്‍ക്കപ്പുറത്ത് ജാമ്യം റദ്ദാക്കാന്‍ കാരണമായ പുതിയ തെളിവുകള്‍ എന്തുണ്ടെന്ന് കോടതി ചോദിച്ചു. സാധ്യകളെപ്പറ്റിയല്ല തെളിവുകളെപ്പറ്റിയാണ് പ്രോസിക്യൂഷന്‍ പറയേണ്ടത്. പബ്ലിക്ക് പ്രോസിക്യൂട്ടറാണ്, പൊലീസ് പ്രാസിക്യൂട്ടറല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഓര്‍ക്കണം. കോടതിയെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കരുതെന്നും വിചാരണ കോടതി പറഞ്ഞു. കോടതി രേഖകള്‍ ചോര്‍ന്നെന്ന ആരോപണത്തിലാണ് പരാമര്‍ശം.

പ്രോസിക്യൂട്ടറോട് സഹതാപം ഉണ്ടെന്ന് കോടതി പറഞ്ഞു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തെളിവായ രേഖകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കുകയാണ് വേണ്ടത്. രേഖകള്‍ ഹാജരാക്കാതിരുന്നിട്ടു കോടതി ഹര്‍ജി പിടിച്ചു വയ്ക്കുന്നു എന്ന് പറയരുത്. ഫോണ്‍ രേഖകള്‍ നശിപ്പിച്ചെന്ന ആരോപണത്തില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടോ. ഇല്ലെങ്കില്‍ എന്തുകൊണ്ടെന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. അന്വേഷണ സംഘം വീണ്ടെടുത്ത ഫോണ്‍ റെക്കോര്‍ഡുകള്‍ എങ്ങിനെ പുറത്തുപോയെന്ന് കോടതി ചോദിച്ചു. തങ്ങള്‍ പുറത്തുകൊടുത്തിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. എങ്ങനെ പുറത്തു പോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ശബ്ദരേഖകള്‍ പുറത്തു പോയത് അന്വേഷിക്കേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. കളങ്കപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് കോടതി പറഞ്ഞു. ഉത്തമ ബോധ്യത്തോടെയാണ് കസേരയില്‍ ഇരിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ദിലീപ് സമാന്തര ജുഡീഷ്യല്‍ സംവിധാനം ഉണ്ടാക്കുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.