അന്യഗ്രഹജീവികള്‍ തന്നെ തട്ടിക്കൊണ്ടുപോയി എന്ന വാദവുമായി 58 -കാരന്‍
യുകെ -യിലെ യോര്‍ക്ക്‌ഷെയറില്‍ നിന്നുള്ള 58 -കാരനായ റസ് കെല്ലറ്റാണ് അന്യഗ്രഹജീവികള്‍ തന്നെ തട്ടിക്കൊണ്ടുപോയി എന്ന വാദങ്ങളുന്നയിക്കുന്നത്. 28 വയസ്സുള്ളപ്പോള്‍ മുതല്‍ തന്നെ അവര്‍ തട്ടിക്കൊണ്ടുപോകുന്നുണ്ട്. 60 തവണയില്‍ കുറയാതെ തന്നെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും കെല്ലറ്റ് അവകാശപ്പെടുന്നു. ‘എനിക്ക് 16 വയസുള്ളപ്പോഴാണ്, ഞാന്‍ എന്റെ മോട്ടോര്‍സൈക്കിളില്‍ വീട്ടില്‍ പോവുകയായിരുന്നു. പെട്ടെന്ന് ഒരു തുരങ്കത്തിലൂടെ ഞാന്‍ സഞ്ചരിക്കാന്‍ തുടങ്ങി. അതുവരെ ആ തുരങ്കം ഞാന്‍ കണ്ടിട്ടില്ലായിരുന്നു. പിന്നെ ഞാന്‍ കാണുന്നത് ഒരു ദന്തശസ്ത്രക്രിയയ്ക്ക് പോയാലെങ്ങനെയിരിക്കും അങ്ങനെയൊരു കാഴ്ചയാണ്. എന്റെ ചുറ്റും പതിനഞ്ചടി നീളമുള്ള അന്യഗ്രഹജീവികള്‍. അവയെ കണ്ടാല്‍ ഡ്രാക്കുളയെ പോലെ ആയിരുന്നു’ എന്ന് കെല്ലറ്റ് അവകാശപ്പെടുന്നു.
എന്റെ തൊണ്ടയിലേക്ക് ഒരു ട്യൂബ് വച്ച് അവര്‍ ഒരു ദ്രാവകം എന്റെ ശരീരത്തിലേക്ക് കടത്തി വിട്ടു. അതോടെ ഞാനവരുടെ വിശ്വസ്തനായ സൈനികനായി മാറി. 30 വര്‍ഷങ്ങള്‍ താനവരുടെ സൈന്യത്തിലായിരുന്നു. എതിരാളികളോട് ഏറ്റുമുട്ടലാണ് ജോലി എന്നും ഇയാള്‍ പറയുന്നു. യുകെ, യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നടന്ന യുദ്ധങ്ങളിലും ബഹിരാകാശത്ത് സ്ഥലങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലും താന്‍ പങ്കെടുത്തിട്ടുണ്ട്. താന്‍ നേരിട്ട ചില അന്യഗ്രഹജീവികളുടെ രേഖാചിത്രങ്ങളും തയ്യാറാക്കിയിട്ടുണ്ട് എന്നും കെല്ലറ്റ് പറയുന്നു. ഇത്തരം യുദ്ധങ്ങളിലെല്ലാം പങ്കെടുത്തതിന്റെ ഭാഗമായി തനിക്ക് വിട്ടുമാറാത്ത ക്ഷീണമുണ്ട് എന്നും പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറുണ്ട് എന്നും കെല്ലറ്റ് അവകാശപ്പെടുന്നു. നമ്മുടെ ഇവിടുത്തെ മണിക്കൂറുകള്‍ അവര്‍ക്ക് എത്രയോ വര്‍ഷങ്ങളാണ്. അതുകൊണ്ടാണ് താന്‍ അവിടെ പോയി വരുന്നത് ആളുകള്‍ക്ക് ശ്രദ്ധിക്കാനാവാത്തത്. ഒപ്പം അന്യഗ്രഹജീവികള്‍ അവിടെയുണ്ടായിരുന്ന സംഭവങ്ങളുടെ പല ഓര്‍മ്മകളും തന്നില്‍ നിന്നും മായ്ച്ചു കളഞ്ഞിരിക്കയാണ്. അവരുടെ രൂപം മാത്രമാണ് തന്റെ ഓര്‍മ്മയിലിപ്പോള്‍ നിലനില്‍ക്കുന്നത്. അത് താന്‍ വരച്ച് സൂക്ഷിക്കുകയാണ് എന്നും കെല്ലറ്റ് അവകാശപ്പെടുന്നു.